'ഭഗത്​ സിങ്' നാടകം പരിശീലിക്കുന്നതിനിടെ 10 വയസുകാരൻ കഴുത്തിൽ കുരുക്ക്​ മുറുകി മരിച്ചു

 
44

ബാദുൻ (ഉത്തർ പ്രദേശ്​): സ്വാതന്ത്ര്യ ദിനത്തിൽ അവതരിപ്പിക്കാനുള്ള 'ഭഗത്​ സിങ്​' നാടകത്തിന്‍റെ പരിശീലനത്തിനിടെ കഴുത്തിൽ കുരുക്ക്​ മുറുകി 10 വയസുകാരന്​ ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലാണ് സംഭവം. മരിച്ച ശിവം സുഹൃത്തുക്കളുമായി ചേര്‍ന്ന് സ്വാതന്ത്ര്യദിനത്തിനായി ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെന്ന് കുട്ടിയുടെ അമ്മാവന്‍ വിനോദ് കുമാര്‍ പറഞ്ഞു.

ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ കുറിച്ചുള്ള നാടകത്തില്‍ താന്‍ ഭഗത് സിംഗായി അഭിനയിക്കുമെന്ന് ശിവം പറഞ്ഞിരുന്നു. കുട്ടി വീട്ടുമുറ്റത്തായിരുന്നു റിഹേഴ്‌സല്‍ നടത്തിയത്.നാടകത്തിന്റെ അവസാന രംഗത്തിനായി ശിവം ഒരു കയര്‍ എടുക്കുകയും കുരുക്ക് ഉണ്ടാക്കി കഴുത്തില്‍ ഇടുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ കാല് സ്റ്റൂളില്‍ നിന്ന് തെന്നിമാറുകയായിരുന്നു.  കുട്ടി ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുമ്പോഴും കൂടെയുള്ള കുട്ടികള്‍ കരുതിയത് ശിവം അഭിനയിക്കുകയാണെന്നാണ്.

കുട്ടിയുടെ ചലനം നിലച്ചതോടെ കുട്ടികള്‍ ഗ്രാമത്തിലുള്ളവരെ വിവരം അറിയിക്കാന്‍ ഓടിയെങ്കിലും നാട്ടുകാര്‍ എത്തിയപ്പോഴേക്കും ശിവം മരിച്ചിരുന്നു. പൊലീസിൽ വിവരം അറിയിക്കാതെ ബന്ധുക്കൾ മൃതദേഹം സംസ്​കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ്​ അധികൃതർ നൽകുന്ന വിശദീകരണം.

From around the web