ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം
Dec 8, 2021, 15:51 IST

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം. പൊടിയും മാലിന്യങ്ങളും ചേർന്ന് മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ശുദ്ധവായുവിനായി ആഞ്ഞുവലിക്കുകയാണ് മനുഷ്യർ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ചാറ്റൽമഴയിൽ പൊടി അല്പം ശമിച്ചെങ്കിലും മൂടലിനും വായു മലിനീകരണത്തിനും കുറവില്ല.
ഇന്നലെയും 200 പോയിന്റിന് മുകളിലായിരുന്നു ഡൽഹിയിലെ വായു ഗുണനിലവാര സൂചിക(എ.ക്യു.ഐ). റോഡിലും റോഡരികിലുള്ള മരങ്ങളിലും വെള്ളം നനച്ച് പൊടി കഴുകിക്കളയുകയാണ്. ആറു വർഷത്തിലേറെയായി തണപ്പുകാലത്ത് ഡൽഹിയിലെ സ്ഥിതി ഇതാണ്.ചൂടിൽനിന്ന് തണുപ്പിലേക്ക് മാറുന്ന ഒക്ടോബർ-നവംബർ മാസങ്ങളിൽ പതിവുള്ള മഴപെയ്യാത്തതും കാറ്റു വീശാത്തതും മൂലം അന്തരീക്ഷത്തിൽ അതിസൂക്ഷമ കണികകളും വിഷവാതകങ്ങളും തങ്ങിനിൽക്കാൻ ഇടയാകുന്നു. ഇവയ്ക്കൊപ്പം സാന്ദ്രീകരിച്ച ജലകണങ്ങളും ചേർന്ന് മൂടൽമഞ്ഞുണ്ടാകുന്നു.