അയോധ്യയിലെ ഭൂമിപൂജ:  പുറത്തുനിന്ന് ആർക്കും നഗരത്തിൽ പ്രവേശനം ഇല്ല

 

ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഭൂമിപൂജാ ചടങ്ങ് ഓഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കെ നഗരത്തിൽ പഴുതടച്ച സുരക്ഷ ഏർപ്പെടുത്താനൊരുങ്ങി ഉത്തർപ്രദേശ് പോലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിക്കുന്നത്. 

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് അയോധ്യയിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് റേഞ്ച് ഡിഐജി ദീപക് കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുമെന്നും കോവിഡ് പോരാളികളുടെ സാന്നിധ്യം ചടങ്ങിൽ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശിഷ്ട വ്യക്തികളുടെ സഞ്ചാര പാതയിൽ ഡ്രോൺ നിരീക്ഷണം തുടങ്ങിക്കഴിഞ്ഞു. 

അയോധ്യയിൽ താമസിക്കുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, കോവിഡ് വ്യാപനം കണക്കിലെടുത്ത് അന്നേ ദിവസം ആരും വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നാണ് തനിക്ക് അഭ്യർഥിക്കാനുള്ളതെന്ന് ഡിഐജി പറഞ്ഞു. 

പുറത്തുനിന്ന് ആരെയും നഗരത്തിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നഗരത്തിൽ അഞ്ചിൽ അധികം പേർ കൂട്ടംചേരുന്നതും അനുവദിക്കില്ല. എന്നാൽ കടകൾ തുറക്കാൻ അനുവദിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനായിരിക്കും. എന്നാൽ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയശേഷം ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും മറ്റ് ഡ്യൂട്ടികളിൽനിന്ന് ഒഴിവാക്കി ഐസൊലേഷനിൽ പാർപ്പിക്കുകയും ചെയ്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരെ മാത്രമാവും പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്ന വേദിക്ക് തൊട്ടടുത്ത് നിയോഗിക്കുക.

അയോധ്യയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് ഇതിനകം ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. ശ്രീ രാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റാണ് ചടങ്ങിന്റെ സംഘാടകർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖരെയും ചടങ്ങിന് ക്ഷണിച്ചിരുന്നു. എന്നാൽ, തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും ചികിത്സ തേടുകയാണെന്നും അമിത് ഷാ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.

From around the web