ജമ്മുകശ്മീരിലും ഹിമാചലിലും മേഘവിസ്‌ഫോടനം; 16 മരണം

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍, ഹിമാചല്‍ പ്രദേശിലെ ലാഹോള്‍-സ്പിതി എന്നീ വ്യത്യസ്ത ഇടങ്ങളിലായുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 16 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. . 21 പേരെ കാണാതായി. ഇവർക്കു വേണ്ടി തിരച്ചിൽ തുടരുന്നു.ജമ്മുവിലെ കിഷ്ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തെയാണ് പ്രളയം തകർത്തത്.കൂടാതെ ലഡാക്കിലെ കാർഗിലിൽ രണ്ടിടത്ത് കനത്ത പേമാരിയുണ്ടായി. ഒരു ജലവൈദ്യുത പദ്ധതിക്ക് കേടു സംഭവിച്ചു.
ഹിമാചലിൽ മണ്ണിടിഞ്ഞ് മിക്ക റോഡുകളും തകർന്നു. ഹിമാചലിൽ 9 പേരുടെ മൃതദേഹം കണ്ടെത്തി. 7 പേരെ കാണാതായി. ഉദയ്പുരിൽ 7 പേരും ചമ്പയിൽ 2 പേരും ആണ് മരിച്ചത്. ഡൽഹിയിൽ നിന്നുള്ള വിനോദസഞ്ചാരിയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനുൾപ്പെടെ കുളു ജില്ലയിൽ 4 പേരെയാണ് കാണാതായത്.പേമാരിയില്‍ കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ അര ഡസനിലധികം വീടുകളാണ് നിലംപതിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ സൈന്യത്തെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.
അതിരാവിലെ അരുവിയിലൂടെ ജലം കുത്തിയൊലിച്ചെത്തിയപ്പോള്‍ ഗ്രാമത്തിലുള്ളവരെല്ലാം തന്നെ നല്ല ഉറക്കത്തിലായിരുന്നു. ഇതാണ് മരണ സംഖ്യ കൂടാന്‍ കാരണം. ഒഴുകിപ്പോയ വീടുകളില്‍ ഭൂരിഭാഗവും അരുവിയോട് ചേര്‍ന്നുള്ളവയായിരുന്നെന്നും മുകേഷ് സിങ് കൂട്ടിച്ചേർത്തു.