റായ്പുരിൽ മതപരിവർത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിൽ പാസ്റ്റർക്ക് മർദനം

ഭോപ്പാൽ: ഛത്തീസ്ഗഡിലെ റായ്പുരിൽ മതപരിവർത്തനം ആരോപിച്ച് പാസ്റ്ററെ പോലീസ് സ്റ്റേഷനിൽ ഹിന്ദുത്വ തീവ്രവാദികൾ മർദിച്ചു. റായ്പുരിലെ പുരാനി ബാസ്തി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. പാസ്റ്ററെ സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറിയവർ ചെരിപ്പും ഷൂസും ഉപയോഗിച്ച് അടിച്ചതായാണ് പരാതി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.
ഭടഗാവിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഹിന്ദുത്വ തീവ്രവാദികൾ സംഘടിച്ച് പോലീസ് സ്റ്റേഷനിലെത്തുകയും പരാതിയിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം പാസ്റ്റർ ഭടഗാവ് സ്വദേശികളായ ഏതാനും പേരുമായി സ്റ്റേഷിനിലെത്തി. പാസ്റ്ററുടെ അനുയായികളും ഹിന്ദുത്വ തീവ്രവാദികളും പരസ്പരം വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടാകുകയും ചെയ്തു. ഉടനെ പാസ്റ്ററെ സ്റ്റേഷൻ ഇൻചാർജിന്റെ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ സംഘർഷം കൂടുതൽ വഷളാവുകയുമായിരുന്നു.