ക്രോസ് ജെൻഡർ മസാജിനുള്ള വിലക്ക് നീക്കി കോടതി

ന്യൂഡൽഹി: ക്രോസ് ജെൻഡർ മസാജിന് വിലക്കേർപ്പെടുത്തിയ ഡൽഹി സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു . മസാജ് പാർലറുകളുടെ നിരോധനവും ലൈംഗികവൃത്തിയും തമ്മിൽ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.
ഡൽഹിയിലെ സ്പാ ഉടമകൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. നയം രൂപീകരിക്കുമ്പോ ൾ മസാജ് പാർലറുകളിലെ തൊഴിലാളികളെ സർക്കാർ പരിഗണിച്ചില്ലെന്ന് ജസ്റ്റിസ് രേഖ പാലി വ്യക്തമാക്കി .മസാജ് പാർലറുകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നഷ്ടമായാൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.
നേരത്തെ ലൈംഗികവൃത്തി തടയുകയെന്ന ലക്ഷ്യത്തോടെ പുരുഷൻമാർക്ക് സ്ത്രീകൾ മസാജ് സേവനം നൽകുന്നത് ഡൽഹി സർക്കാർ തടഞ്ഞിരുന്നു. കൂടാതെ സ്ത്രീകൾക്ക് പുരുഷൻമാർ മസാജ് നൽകുന്നതിനും വിലക്കുണ്ടായിരുന്നു. ഇതാണ് ഹൈകോടതി നിലവിൽ ഒഴിവാക്കിയിരിക്കുന്നത്. മസാജ് പാർലറുകളിലും സ്പാകളിലും പരിശോധനകൾ കർശനമാക്കി ലൈംഗികവൃത്തിയും മനുഷ്യക്കടത്തും നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്നും കോടതി ഉത്തരവിട്ടു.