അയോധ്യയിലേക്ക് മുതിർന്ന പൗരൻമാർക്ക് സൗജന്യ തീർഥയാത്ര പദ്ധതി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി: അയോധ്യയിലേക്ക് മുതിർന്ന പൗരൻമാർക്ക് സൗജന്യ തീർഥയാത്ര പദ്ധതി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ഇന്ന്‍ ചേർന്ന മന്ത്രി സഭ യോഗത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അയോധ്യ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീർഥ യാത്രാ പദ്ധതിയിൽ അയോധ്യക്ക് പരിഗണന നൽകിയത് .
നിലവിൽ രാമേശ്വരം, ദ്വാരക, പുരി, ഹരിദ്വാർ, മഥുര, വൃന്ദാവൻ, വൈഷ്ണോ ദേവി, തുടങ്ങിയ സ്ഥലങ്ങളിലേക്ക് മുതിർന്ന പൗരൻമാർക്കായി സൗജന്യ തീർഥ യാത്ര പദ്ധതി ഡൽഹി സർക്കാറിന് കീഴിലുണ്ട്. എ.സി ട്രെയിൻ ടിക്കറ്റ്, താമസം, ഭക്ഷണം, പ്രാദേശിക യാത്ര തുടങ്ങി എല്ലാ ചിലവും സർക്കാർ വഹിക്കും.
''എനിക്ക് ശ്രീ രാമ പ്രതിമയെ തൊഴാനുള്ള ഭാഗ്യം ലഭിച്ചു. എല്ലാവർക്കും ഇതിനുള്ള അവസരം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്കുള്ള അധികാരം ഉപയോഗിച്ച് ജനങ്ങൾക്ക് ഇവിടെ ദർശനം നൽകുന്നതിനുള്ള അവസരം നൽകും'' -ക്ഷേത്ര സന്ദർശനത്തിന് ശേഷം കെജ്രിവാൾ പ്രതികരിച്ചു.