കാഷ്മീരിൽ വീണ്ടും ഡ്രോൺ; ബിഎസ്എഫ് വെടിയുതിർത്തു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ അന്തരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. കാഷ്മീരിലെ അർനിയ സെക്ടറിലാണ് ഡ്രോൺ കണ്ടത്. ബിഎസ്എഫ് ഡ്രോണിന് നേരെ വെടിവച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. അതിർത്തിയിൽ നിരന്തരം ഡ്രോൺ സാന്നിധ്യം കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ഡ്രോൺ കണ്ടയുടനെ ഇതിനെ താഴെ വീഴ്ത്താൻ ബിഎസ്എഫ് ജവാന്മാർ വെടിയുതിർത്തിരുന്നു. എന്നാൽ അപ്പോൾ തന്നെ ഡ്രോൺ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് പാക്കിസ്ഥാന്റെ ഭാഗത്തേക്ക് പറന്നുപോയി. ചുവപ്പ്, മഞ്ഞ നിറങ്ങളിൽ വെളിച്ചം മിന്നി മായുന്നത് കണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്. സൈനികർ വെടിയുതിർത്ത ഉടനെ ഇത് മുകളിലേക്ക് ഉയരുകയും അവിടെ നിന്ന് പാക് ഭാഗത്തേക്ക് നീങ്ങുകയുമായിരുന്നു.ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ഡ്രോൺ കണ്ടത്.