രാഷ്ട്രീയത്തിൽ ഇനി എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാൻ സാധിക്കില്ലെന്ന് ഗുലാം നബി ആസാദ്

 
63

ശ്രീനഗർ: രാഷ്ട്രീയത്തിൽ ഇനി എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാൻ സാധിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തനിക്ക് ജമ്മു കശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ്​ കോൺഗ്രസിൽ അഭിപ്രായ ഭിന്നതയുമായി തുടരുന്ന ഗുലാംനബിയുടെ പ്രതികരണം .  കശ്മീരിലുടനീളം ആസാദ് നടത്തിയ നിരവധി യോഗങ്ങൾ അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് തിരി കൊളുത്തിയിരുന്നു . അദ്ദേഹത്തിന്‍റെ വിശ്വസ്തരായ 20 പേർ കോൺഗ്രസ് സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചതാണ് ചർച്ചക്ക്​ വഴി വെച്ചത് .

ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞതിന് ശേഷം നിലച്ച രാഷ്ട്രീയ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനാണ് റാലികൾ ഉദ്ദേശിക്കുന്നതെന്ന് ആസാദ് പറഞ്ഞു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തെപ്പോലെ ഇന്ന് വിമർശനത്തിന് സ്ഥാനമില്ലെന്ന് കഴിഞ്ഞ നാല് പതിറ്റാണ്ടായി കോൺഗ്രസിന്‍റെ സുപ്രധാന സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള ആസാദ് ചൂണ്ടിക്കാട്ടി .

താൻ എപ്പോൾ മരിക്കുമെന്ന് ആർക്കും അറിയാത്തതുപോലെ രാഷ്ട്രീയത്തിൽ ഇനിയെന്ത് സംഭവിക്കുമെന്ന് ആർക്കും പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ഇനിയെന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു .താൻ രാഷ്ട്രീയം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു . എന്നാൽ ലക്ഷക്കണക്കിന് പിന്തുണക്കാർക്ക് വേണ്ടി തുടരാൻ തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

From around the web