കൈക്കൂലി: ഗെയ്ൽ ഡയറക്ടർ അറസ്റ്റിൽ

ന്യൂഡൽഹി: സ്വകാര്യ കന്പനികളിൽ നിന്ന് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഗെയിൽ (ഗാസ് അഥോറിറ്റി ഓഫ് ഇന്ത്യ) ഡയറക്ടർ -മാർക്കറ്റിംഗ് ഇ.എസ്. രംഗനാഥനെ സിബിഐ അറസ്റ്റ് ചെയ്തു. രംഗനാഥൻ അടക്കം അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തത്. രംഗനാഥന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ പണവും ആഭരണങ്ങളും കണ്ടെത്തിയെന്ന് സി.ബി.ഐ അറിയിച്ചു.
മഹാരത്ന പദവിയുള്ള പൊതുമേഖല സ്ഥാപനം വിപണനം ചെയ്യുന്ന പെട്രോ കെമിക്കൽ ഉൽപന്നങ്ങൾ വിലകുറച്ച് സ്വകാര്യ കമ്പനികൾക്ക് നൽകാൻ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. രംഗനാഥന്റെ ഓഫിസും വസതിയും ഉൾപ്പെടെ എട്ടു സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. പരിശോധനയിൽ 1.29 കോടി രൂപയും ഇത്രതന്നെ തുകയുടെ സ്വർണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തതായി സി.ബി.ഐ വക്താവ് ആർ.സി. ജോഷി പറഞ്ഞു. ഇടനിലക്കാരായ പവൻ ഗൗർ, ഡൽഹിയിലെ റിഷഭ് പോളികെം പ്രൈവറ്റ് ലിമിറ്റഡ് എംപി രാജേഷ് കുമാർ എന്നിവരാണ് രംഗനാഥനൊപ്പം അറസ്റ്റിലായത്.
ഇവർ വഴിയാണ് സ്വകാര്യ കന്പനികളിൽനിന്ന് ഇയാൾ കൈക്കൂലി സമാഹരിച്ചിരുന്നത്. കൈക്കൂലി വാങ്ങി പകരം ഗെയിലിന്റെ ഉത്പന്നങ്ങൾക്ക് അനധികൃത ഡിസ്കൗണ്ട് നൽകിയാണ് ഇയാൾ സ്വകാര്യ കന്പനികൾക്കു നൽകിയിരുന്നത്. വിവരം ലഭിച്ചതനുസരിച്ച് സിബിഐ ഒരുക്കിയ കെണിയിൽ പത്തു ലക്ഷം രൂപ കൈക്കൂലിയുമായി ആദ്യം ഇടനിലക്കാരാണ് പെട്ടത്. തൊട്ടു പിന്നാലെ രംഗനാഥനെയും പിടികൂടുകയായിരുന്നു. രാമകൃഷ്ണൻ നായർ, സൗരഭ് ഗുപ്ത എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റു രണ്ടു പേർ.