അഴിമതിക്കേസിൽ യെദിയൂരപ്പയ്ക്കും മകനും ഹൈക്കോടതി നോട്ടീസ്

ബംഗളൂരു: ഭവനനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കും മകൻ ബി.വൈ. വിജയേന്ദ്രയ്ക്കും കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. ഈമാസം 17ന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. ബി.എസ്. യെദിയൂരപ്പ, മുന്‍ മന്ത്രി എസ്.ടി. സോമശേഖരന്‍ എന്നിവര്‍ അടക്കമുള്ളവരെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയ അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ടി.ജെ. എബ്രഹാം നല്കിയ ഹരജിയിലാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.
ബാംഗളൂർ വികസന അഥോറിറ്റിയുടെ മുടങ്ങിക്കിടക്കുന്ന ഭവനപദ്ധതി പുനരാംഭിക്കുന്നതിനായി കരാറുകാരനിൽനിന്നു കോഴ വാങ്ങിയെന്നാണ് ആരോപണം. 2020ൽ കോണ്‍ഗ്രസും നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ അഴിമതിക്കേസിലെ പുതിയ നീക്കങ്ങള്‍ യെദിയൂരപ്പയ്ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്