കർണാടകയിൽ മലയാളിയുടെ പോസ്റ്റ്മോർട്ടത്തിന് ആവശ്യപ്പെട്ടത് 25,000 രൂപ കൈക്കൂലി

ബംഗളൂരു: കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ചാമരാജ് നഗർ ജില്ല ആശുപത്രി ആവശ്യപ്പെട്ടത് 25,000 രൂപ. തൃശൂർ പുല്ലട്ടി പാവറട്ടി സ്വദേശി ശ്രീജിത്താണ് (30) കഴിഞ്ഞദിവസം ഗുണ്ടൽപേട്ട് ബേഗൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. യുവാവ് ഓടിച്ച കാറിൽ അമിതവേഗത്തിലെത്തിയ ടിപ്പറിടിച്ചാണ് അപകടം നടന്നത് .
തുടർന്ന്, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ചാമരാജ് നഗർ ജില്ല ആശുപത്രിയിലെത്തിച്ചു. മൃതദേഹം യുവാവിന്റെ ജന്മനാടായ തൃശൂരിലെത്തിക്കാൻ ബത്തേരിയിൽനിന്ന് ബന്ധുക്കൾക്കൊപ്പം ആംബുലൻസ് അയച്ചിരുന്നു. അതെ സമയം പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രി ജീവനക്കാരനും ഡോക്ടറും 25,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത് . എന്നാൽ ആശുപത്രി ജീവനക്കാരന് 5,000 രൂപ നൽകിയെങ്കിലും ബാക്കി തുക നൽകാതെ പോസ്റ്റ്മോർട്ടം നടത്താനാവില്ലെന്ന് ഡോക്ടർ അറിയിച്ചു. ആംബുലൻസിലെത്തിയവർ വിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചു . തുടർന്ന് ബന്ധുക്കൾ അറിയിച്ചതനുസരിച്ച് ആർ.എസ്.എസ് പ്രവർത്തകർ ചാമരാജ് നഗറിലെ യൂനിറ്റുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.