വാരണാസിയിൽ പ്രധാനമന്ത്രിക്കും യുപി സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ലഖിംപൂർ ഖേരി സംഭവത്തിന് പിന്നാലെ യുപിയിലെ വാരണാസിയിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി. കർഷകർക്കും സ്ത്രീകൾക്കും യുപിയിൽ നീതി ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അവർ ലഖ്നൗവിൽ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഖിംപൂരിലെത്താൻ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. മോദി സർക്കാരിനു കീഴിൽ രാജ്യത്ത് ആരുംതന്നെ സുരക്ഷിതരല്ല. കേന്ദ്ര സർക്കാരിന്റെ സ്നേഹിതരായ കോടീശ്വരൻമാർ ഒഴികെ രാജ്യത്തെ പാവപ്പെട്ടവരും സ്ത്രീകളും ദളിത് വിഭാഗക്കാരുമൊന്നും സുരക്ഷിതരല്ലെന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ കർഷക റാലിയിൽ പങ്കെടുത്തു സംസാരിക്കവേ പ്രിയങ്ക പറഞ്ഞു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉപവാസമനുഷ്ഠിക്കുകയായിരുന്ന പ്രിയങ്ക ദേവീ സ്തുതികളോടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. രാജ്യത്തിന്റെ യഥാർത്ഥ അവകാശികൾ കർഷകരാണ്. പ്രധാന മന്ത്രിയടക്കമുള്ളവരുടെ സ്വകാര്യ സ്വത്തല്ല ഇന്ത്യയെന്ന് നിങ്ങൾ തിരിച്ചറിയണം. രാജ്യത്തെ പൗരൻമാരുടെ തീൻമേശകളിൽ ഭക്ഷണമെത്തിക്കുന്നത് കർഷകരാണ്. അവരുടെ മക്കളാണ് രാജ്യത്തിന്റെ അതിർത്തിയിൽ കാവൽ നിൽക്കുന്നത്. പക്ഷേ അവർക്കെതിരേ അക്രമമുണ്ടായപ്പോൾ അവർ നീതിക്കായി യാചിക്കേണ്ടി വരുന്നു.ലഖിംപുർ ഖേരിയിൽ കർഷകർക്കു നേരേയുണ്ടായ അക്രമത്തിന് തൊട്ടുപിന്നാലെ ലക്നോവിലെത്തിയ പ്രധാനമന്ത്രി ജീവൻ നഷ്ടപ്പെട്ട കർഷകരുടെ കുടുംബത്തെ കാണുന്നതിന് തയാറായില്ല. കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരേ ഒരു വർഷത്തോളമായി പ്രതിഷേധിക്കുന്ന കർഷകരോടു സംസാരിക്കുന്നതിനും പ്രധാനമന്ത്രി മുതിർന്നില്ല. കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിനുവേണ്ടി രണ്ടു വിമാനങ്ങൾ വാങ്ങി. 16,000 കോടി രൂപയാണ് ഇതിനു മുടക്കിയത്. അതേസമയം, എയർ ഇന്ത്യ 18,000 കോടി രൂപയ്ക്ക് ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കു വിറ്റു. റെയിൽവേ, വിമാനത്താവളങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയെല്ലാം ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കു കൈമാറുകയാണ്-പ്രിയങ്ക പറഞ്ഞു.
16,000 കോടി രൂപയ്ക്ക് വിദേശത്ത് നിന്ന് രണ്ട് വിമാനം വാങ്ങിയ നരേന്ദ്ര മോദി വെറും 18000 കോടി രൂപയ്ക്ക് നാടിന്റെ എയർ ഇന്ത്യ പണക്കാരായ സുഹൃത്തുക്കൾക്ക് വിറ്റു. രാജ്യത്ത് രണ്ട് കൂട്ടർ മാത്രമാണ് സുരക്ഷിതർ. അധികാരത്തിലുള്ള ബിജെപി നേതാക്കളും, അവരുടെ പണക്കാരായ സുഹൃത്തുക്കളും മാത്രമാണതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.