യു.പിയിൽ ഭീഷണി ഉയർത്തി പകർച്ചപ്പനി

ലക്നൗ: യു.പിയിൽ പകർച്ച പനി പടരുന്നു. ലക്നൗവിൽ മാത്രം 400 ഓളം പേർ ചികിത്സയിലാണ്. പടിഞ്ഞാറന്‍ യുപിയില്‍ ഉൾപ്പെട്ട ആഗ്ര, മഥുര, ഫിറോസാബാദ്, മെയ്ന്‍പുരി, കാസ്ഗഞ്ച് തുടങ്ങിയ ജില്ലകളിലായി നൂറോളം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരിക്കുന്നതില്‍ ഭൂരിഭാഗവും കുട്ടികളാണ്. പനി ബാധിച്ച് ഒരു മാസത്തിനിടെ ഫിറോസാബാദില്‍ മാത്രം അമ്പതിന് മുകളിൽ പേരാണ് മരിച്ചത്. അജ്ഞാത പനി ഭീതിയെ തുടർന്ന് യുപിയിലെ പല ഗ്രാമങ്ങളിലും ആളുകൾ വീടടച്ച് നാടുവിട്ടുതുടങ്ങിയാതും റിപ്പോർട്ടുകളുണ്ട്.
കടുത്ത പനി, ജലദോഷം, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നേരത്തേ പകർച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സീസണൽ പകർച്ചപനിയാണെന്നും എന്നാൽ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ ആശുപത്രികളിൽ പരിഭ്രാന്തി പടരുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
ഡെങ്കിപ്പനിയും സീസണൽ രോഗങ്ങളും മൂലം ഫിറോസാബാദിലെ മരണസംഖ്യ അമ്പത് കടന്നിട്ടുണ്ട്. ആദ്യ ഘട്ടത്തിലെ മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. എന്നാൽ ഡെങ്കിപ്പനി ചികിത്സയോട് രോഗികൾ പ്രതികരിക്കുന്നുണ്ട്. സംസ്ഥാനത്ത് കൊതുകു നിയന്ത്രണം സജീവമാക്കാന്‍ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.