കമല ഹാരിസ് ലോകത്തിന് പ്രചോദനം: നരേന്ദ്ര മോദി

ലോകമെമ്പാടും ഒട്ടേറെ മനുഷ്യർക്ക് പ്രചോദനമാണ് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജോ ബൈഡന്റെയും കമല ഹാരിസിന്റെയും നേതൃത്വത്തിൽ യുഎസ്–ഇന്ത്യ ബന്ധം കൂടുതൽ അഭിവൃദ്ധിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ചരിത്ര സംഭവമാണെന്ന് അഭിപ്രായപ്പെട്ട മോദി, അവരെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ വംശജയായ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനായി കരുതിയിരുന്നത് ഗൃഹാതുരത്വം സമ്മാനിക്കുന്ന ഒരു പിടി ഉപഹാരങ്ങൾ. ഗുലാബ് മീനാകരി രീതിയിൽ തയാറാക്കിയ ചെസ്ബോർഡായിരുന്നു അതിലൊന്ന്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരുന്ന, കമലയുടെ മുത്തച്ഛൻ പി.വി. ഗോപാലനുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങളായിരുന്നു മറ്റൊരു ഇനം. കൊത്തുപണികൾ ചെയ്ത തടികൊണ്ടുള്ള ചട്ടക്കൂട്ടിലാണ് ഇവ ഉറപ്പിച്ചിരുന്നത്.
വൈറ്റ്ഹൗസിൽ നടന്ന ചർച്ചയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കേണ്ടതിന്റെ അനിവാര്യത മോദി വിശദീകരിച്ചു. ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, ഇന്ത്യോ പസഫിക് മേഖലയിലെ സ്ഥിതിഗതികൾ തുടങ്ങി ഉഭയകക്ഷി താത്പര്യമുള്ള പൊതുവിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. യുഎസ് വൈസ്പ്രസിഡന്റുമായി നടന്ന ചർച്ച വലിയ വിജയമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ ഡൽഹിയിൽ പ്രതികരിച്ചു.
കഴിഞ്ഞ ജൂണിൽ കോവിഡ് രണ്ടാം തരംഗം ശക്തമായിരിക്കെ യുഎസ് വൈസ് പ്രസിഡന്റുമായി ഫോണിൽ ചർച്ച നടത്തിയതും മോദി പരാമർശിച്ചു. ഇന്ത്യയ്ക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ ആ സമയം യുഎസ് ഉദാരമായ സഹായഹസ്തം നീട്ടി. ‘ഒരു യഥാർഥ സുഹൃത്തായി താങ്കൾ യുഎസ് സർക്കാരിന്റെ അടിയന്തര സഹായ, സഹകരണ സന്ദേശം എനിക്കു കൈമാറി. താങ്കൾ എന്നോടു പറഞ്ഞ വാക്കുകൾ ഞാൻ എന്നും ഓർമിക്കും. ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് ഞാൻ നന്ദി അറിയിക്കുന്നു’– മോദി പറഞ്ഞു.