ലഖിംപുര്‍ സംഭവം: ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ബിജെപിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍. ആരോപണ വിധേയനായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര സഹമന്ത്രിയുമായ അജയ് മിശ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. ലഖിംപുരിലെ കര്‍ഷക കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുറവിളികൂട്ടുന്നതിനിടെയാണ് കൂടിക്കാഴ്ച.
അതേസമയം, സംഘർഷത്തിൽ കൊല്ലപ്പെട്ട എല്ലാ കർഷകരുടെയും മൃതദേഹം സംസ്ക്കരിച്ചു. കേന്ദ്ര സഹമന്ത്രിയേയും, മകനെയും ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യണമെന്ന് കിസാൻ മോർച്ച അന്ത്യശാസനം നൽകി. എഫ് ഐ ആറിലടക്കം കൊലപാതകത്തിലെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ നടപടി വൈകിപ്പിക്കരുത്. അറസ്റ്റ് നീണ്ടാൽ കർഷക പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ലഖിംപൂർ സംഘർഷത്തിൽ യു പി സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിശദമായ റിപ്പോർട്ട് കൈമാറി.ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. അജയ് മിശ്രയുടെ ലഖിംപുര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്ക്, അദ്ദേഹത്തിന്റെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്നാണ് പ്രതിഷേധിച്ച കര്‍ഷകരുടെ മേലേക്ക് ഓടിച്ചു കയറ്റിയത്.