സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ നെഹ്റുവിനെ പേരെടുത്ത് പ്രശംസിച്ച് മോദി

ന്യൂഡൽഹി: രാജ്യത്തിെൻറ 75ാം സ്വാതന്ത്ര്യ ദിനത്തിൽ ജനങ്ങളെ അഭിമുഖീകരിക്കവേ രാഷ്ട്ര നേതാക്കളെ പ്രശംസിച്ച് നരേന്ദ്ര മോദി. നെഹ്റുവിനേയും അംബേദ്കറിനേയും വല്ലഭായ് പട്ടേലിനേയും സ്മരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 75ാം സ്വാതന്ത്ര്യദിന സന്ദേശം ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, ഇന്ത്യയുടെ ഏകോപനത്തിന് കാരണമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവി ശോഭനമാക്കിയ ബാബാസാഹേബ് അംബേദ്കര്‍ തുടങ്ങിയവരുടെ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങള്‍ ഊര്‍ജം പകരുന്നതാണെന്ന് മോദി പറഞ്ഞു.
കൊവിഡ് പ്രതിരോധം നടത്തുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അദ്ദേഹം ആദരമര്‍പ്പിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതി ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയെ നേരിടാന്‍ വാക്സിനായി ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്നില്ലെന്നും ഏകദേശം 54 കോടി ഡോസ് വാക്സിന്‍ ജനങ്ങള്‍ക്ക് നല്‍കിയെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.75ാം സ്വാതന്ത്ര്യദിനത്തിൽ നൂറ് ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ഊന്നൽ നൽകുന്നതാകും പദ്ധതി.