നീറ്റിനെതിരായ ബിൽ ഉടൻ രാഷ്ട്രപതിക്ക് അയയ്ക്കണം ; ഗവർണറോട് സ്റ്റാലിൻ

ചെന്നൈ: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കുന്ന ബിൽ എത്രയും വേഗം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയയ്ക്കണമെന്ന് ഗവർണർ ആർ.എൻ. രവിയോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ . രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചത്.
സെപ്റ്റംബർ 13നാണ് തമിഴ്നാട് നിയമസഭ ബിൽ പാസാക്കിയത്. നീറ്റ് പരീക്ഷാഭീതിയിൽ വിദ്യാർഥികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് നീറ്റ് വിരുദ്ധനിലപാടിലേക്ക് സർക്കാർ എത്തിയത് . ജലവിഭവമന്ത്രി ദുരൈമുരുകൻ, ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു . കനത്ത പേമാരിയെ തുടർന്നുള്ള മഴക്കെടുതിയും കോവിഡും സംബന്ധിച്ച് തമിഴ് നാട് സർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും ചർച്ച നടന്നതായി രാജ്ഭവനിൽ നിന്നുള്ള പത്രക്കുറിപ്പിൽ പരാമർശിക്കുന്നു .