ട്വിറ്ററിലൂടെയുള്ള ഏറ്റുമുട്ടൽ വേണ്ടെന്ന്  -  നേതാക്കളോട് കോൺഗ്രസ്

 

ന്യൂഡൽഹി: ട്വിറ്ററിലൂടെയുള്ള പോരാട്ടം അവസാനിപ്പിക്കാനും അഭിപ്രായങ്ങൾ പാർട്ടി വേദികളിൽ പറയാനും മുതിർന്ന നേതാക്കളോട് നിർദേശിച്ച് കോൺഗ്രസ് പാർട്ടി. യുപിഎ സർക്കാരിന്റെ 10 വർഷത്തെ ഭരണത്തെ വിലയിരുത്തിക്കൊണ്ട് രാഹുൽ ഗാന്ധിയോട് അടുപ്പമുള്ള നേതാക്കളും മുതിർന്ന നേതാക്കളും ട്വിറ്ററിലൂടെ അഭിപ്രായ പ്രകടനങ്ങൾ നടത്തിയതിന് പിന്നാലെയാണിത്. 

പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നതെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുൻപ് പാർട്ടിയിലും യുപിഎ സർക്കാരിലും ഉത്തരവാദിത്വങ്ങൾ വഹിച്ച മുതിർന്ന നേതാക്കൾ സോണിയ, രാഹുൽ, മൻമോഹൻ സിങ് എന്നിവർക്കൊപ്പം ഉറച്ചു നിൽക്കുകയാണ് വേണ്ടത്. യുവ നേതാക്കളെ നയിക്കാനും പ്രോത്സാഹിപ്പിക്കാനും വഴികാട്ടാനുമുള്ള ഉത്തരവാദിത്വം മുതിർന്ന നേതാക്കൾക്കുണ്ട്. അതിനാൽ ട്വിറ്ററിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങൾ അവസാനിപ്പിച്ച് പാർട്ടി വേദികളിൽ അക്കാര്യം ഉന്നയിക്കാൻ നേതാക്കൾ തയ്യാറാകണം. കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യമുണ്ടെന്നും സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു. 

സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് ട്വിറ്ററിലൂടെയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങളുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയത്. പുതുതായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവനേതാവും രാഹുൽ ഗാന്ധിയോട് അടുപ്പമുള്ള വ്യക്തിയുമായ രാജീവ് സതാവ് പത്തുവർഷത്തെ യുപിഎ ഭരണത്തെപ്പറ്റി ആത്മപരിശോധന വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾ അതിനെ ശക്തമായി എതിർത്തു. പിന്നാലെ മുതിർന്ന നേതാക്കളും മുൻ കേന്ദ്രമന്ത്രിമാരുമായ ശശി തരൂർ, മനീഷ് തിവാരി, ആനന്ദ് ശർമ, മിലിന്ദ് ദേവ്‌ര എന്നിവർ മൻമോഹൻ സിങ്ങിന് ശക്തമായ പിന്തുണ അറിയിച്ചും യുപിഎ ഭരണത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ വിമർശിച്ചും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്വിറ്ററിലൂടെയുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് മുതിർന്ന നേതാക്കൾ അടക്കമുള്ളവരോട് കോൺഗ്രസ് നിർദ്ദേശിച്ചിട്ടുള്ളത്.

From around the web