പെഗാസസ്​ ഫോൺ ചോർത്തൽ: സുപ്രീംകോടതി നിയോഗിക്കുന്ന വിദഗ്​ധസമിതി അന്വേഷിക്കും

 
33

ന്യൂഡൽഹി: പെഗാസസ്​ ചാരസോഫ്​റ്റ്​വെയർ ഉപയോഗിച്ച്​ ഫോൺ ചോർത്തിയ സംഭവം സുപ്രീംകോടതി നിയോഗിക്കുന്ന വിദഗ്​ധ സമിതി അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ ഉത്തരവ്​ അടുത്തയാഴ്ചയുണ്ടാകും. ഉത്തരവ് അടുത്തയാഴ്ചയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുതിർന്ന അഭിഭാഷകനായ സിയു സിങിനെ അറിയിച്ചു. അന്വേഷണത്തിന് വിദഗ്ദ്ധ സമിതിയെ രൂപീകരിക്കാനാണ് തീരുമാനം. സമിതിയിലെ അംഗങ്ങളെ തീരുമാനിക്കാൻ സമയം വേണ്ടിവരുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കിയത്. പലരെയും സുപ്രീം കോടതി ഇതിനോടകം ബന്ധപ്പെട്ടെന്നും എന്നാൽ അസൗകര്യം വ്യക്തമാക്കി അവർ ഒഴിഞ്ഞുമാറിയെന്നുമാണ് വിവരം.

പെഗസസ്​ വിഷയത്തിൽ വിശദമായ സത്യവാങ്​മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന്​ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്​തമാക്കിയിരുന്നു. ചോർത്തൽ ന​ടന്നോ ഇല്ലയോ എന്ന്​ അന്വേഷിക്കാൻ സർക്കാറുമായി ബന്ധമില്ലാത്ത വിദഗ്​ധ സമിതിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.'ഒരു പ്രത്യേക സോഫ്​റ്റ്​വെയർ ഉപയോഗിച്ചോ ഇല്ലയോ എന്ന്​ സത്യവാങ്​മൂലത്തിലൂടെ പൊതു സംഭാഷണ വിഷയ​മാ​ക്കാൻ സാധിക്കില്ല. ഏത്​ സോഫ്​റ്റ്​വെയറാണ്​ ഉപയോഗിച്ചതെന്ന്​ ചില പ്രത്യേക സംഘങ്ങളോ ഭീകര സംഘടനകളോ അറിയാൻ പാടില്ല' -സോളിസിറ്റർ ജനറൽ തുഷാർ മെഹ്​ത കോടതിയിൽ പറഞ്ഞു.

നിയമ ലംഘനം നടന്നെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്നും വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സമിതിയുടെ അന്വേഷണം കോടതി നിരീക്ഷണത്തിലാക്കുന്നതിലും എതിർപ്പില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാൽ ആ സമിതിയുടെ കാര്യം ആവർത്തിക്കേണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ശക്തമായ നിലപാട്. 

From around the web