രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: കേന്റാൺമെന്റിന് സമീപം ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയത്.
പോസ്കോ നിയമപ്രകാരമാണ് കേസ്. ബാലികയുടെ വീട് സന്ദർശിച്ച ശേഷം മാതാപിതാക്കൾക്കൊപ്പം നിൽക്കുന്ന രാഹുലിന്‍റെ ചിത്രം പുറത്തുവന്നിരുന്നു. ഇതിലൂടെ ഇരയുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടെന്നാണ് ആക്ഷേപം. പോക്സോ നിയമത്തിലെ 23ാം വകുപ്പ്, ശിശു സംരക്ഷണ നിയമത്തിലെ 74ാം വകുപ്പ്, ഐ.പി.സി 228 എ വകുപ്പുകൾ പ്രകാരം രാഹുലിന്‍റെ നടപടി കുറ്റകരമാണെന്നാണ് പരാതിയിൽ പറയുന്നത്.
കേന്റാൺമെന്റിനടുത്ത് ഓൾഡ് നൻഗൽ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം രാജ്യത്തെ കണ്ണീരിലാഴ്ത്തി ഒമ്പതു വയസ്സുള്ള ദലിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് ഇവർക്കൊപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം കാറിനുള്ളിലിരുന്ന് സംഭാഷണത്തിലേര്‍പ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തില്‍ വ്യക്തമായി കാണാം.