നിതിന്‍ ഗഡ്കരിയെ പരസ്യമായി അഭിനന്ദിച്ച് ശരദ് പവാര്‍

 
60

മുംബൈ: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ പരസ്യമായി അഭിനന്ദിച്ച് മുന്‍കേന്ദ്രമന്ത്രിയും എന്‍.സി.പി. അധ്യക്ഷനുമായ ശരദ് പവാര്‍. അധികാരം ലഭിച്ചാല്‍ അത് ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്താം എന്ന കാര്യത്തില്‍ നിതിന്‍ ഗഡ്കരി ഒരു മാതൃകയാണെന്നാണ് പവാര്‍ പുകഴ്ത്തിയത് . അഹമ്മദ്‌നഗറില്‍ ഇരുവരും പങ്കെടുത്ത ഒരു ചടങ്ങിനിടെയായിരുന്നു പവാറിന്റെ പ്രശംസ.

' നിതിന്‍ ഗഡ്കരി അഹമ്മദ്‌നഗറില്‍ നിരവധി പദ്ധതികള്‍ക്ക് തുടക്കംകുറിക്കാന്‍ പോകുന്നു എന്ന് അറിഞ്ഞതുകൊണ്ടാണ് ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്. നഗരത്തിന്റെ നീണ്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്ന പദ്ധതികളാണിവ. ഇതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഞാന്‍ കൂടി പങ്കാളിയാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. സാധാരണനിലയില്‍ തറക്കല്ലിടലിനുശേഷം പദ്ധിതകളുടെ കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാവാറില്ല.

എന്നാല്‍, ഗഡ്കരിയുടെ പദ്ധികളില്‍ തറക്കല്ലിട്ടുകഴിഞ്ഞാല്‍ ഉടനെ പ്രവൃത്തി ആരംഭിക്കുന്നത് കാണാം. രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ജനപ്രതിനിധികള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാവും എന്നതിനുള്ള ഉദാഹരണമാണ് നിതിൻ ഗഡ്കരി. അദ്ദേഹം ചുമതലയേല്‍ക്കുന്നതിന് മുന്‍പ് ഏതാണ്ട് 5000 കിലോമീറ്റര്‍ റോഡിന്റെ പ്രവൃത്തികളായിരുന്നു പുരോഗമിച്ചത് .എന്നാലിന്ന് പന്ത്രണ്ടായിരം കിലോമീറ്ററിലധികം നിര്‍മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു'-പവാര്‍ വ്യക്തമാക്കി .

From around the web