ജയിലിൽ കഴിയുന്ന ശബ്ദമില്ലാത്ത മുസ്‌ലിംകൾക്ക് വേണ്ടിയാണ് സംസാരിക്കുക; അസദുദ്ദീൻ ഉവൈസി

 
54

ജയിലിൽ കഴിയുന്ന ശബ്ദമില്ലാത്ത മുസ്‌ലിംകൾക്ക് വേണ്ടിയാണ് സംസാരിക്കുകയെന്നും അല്ലാതെ ശക്തരായ പിതാക്കന്മാർ ഉള്ളവർക്ക് വേണ്ടിയല്ലെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഷാറൂഖ് ഖാന്റെയോ അദ്ദേഹത്തിന്റെ മകൻ ആര്യൻ ഖാന്റെയോ പേര് എടുത്ത് പറയാതെയായിരുന്നു ഉവൈസിയുടെ പ്രസ്താവന നടത്തിയത്.

മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന്റെ പശ്ചാതലത്തിലായിരുന്നു ഉവൈസിയുടെ പ്രതികരണം. ഗാസിയാബാദിലെ മസൂരിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉവൈസി. ആര്യൻ ഖാന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാൻ ഉവൈസിയോട് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. 'നിങ്ങൾ പറയുന്നത് സൂപ്പർസ്റ്റാറിന്റെ മകനെക്കുറിച്ചാണ്. ഉത്തർപ്രദേശിലെ ജയിലുകളിൽ 27 ശതമാനമെങ്കിലും മുസ്ലിംകളാണ്. ആരാണ് അവർക്ക് വേണ്ടി സംസാരിക്കുക. ശബ്ദമില്ലാത്തവർക്കും ദുർബലരായവർക്ക് വേണ്ടിയുമാണ് ഞാൻ പോരാടുക. അല്ലാതെ പിതാക്കൾ ശക്തരായവർക്ക് വേണ്ടിയല്ല-ഉവൈസി വ്യക്തമാക്കി.

From around the web