ഇന്ത്യാ ഗേറ്റ് പരിസരത്തേക്ക് നേതാജിയുടെ പ്രതിമ

ന്യൂഡൽഹി ∙ ഇന്ത്യാ ഗേറ്റ് പരിസരത്തെ കാനപ്പിയിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കും. നേതാജിയുടെ 125–ാം ജന്മവാർഷികാഘോഷം നാളെ സമാപിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണു പ്രഖ്യാപനം നടത്തിയത്. ഗ്രാനൈറ്റിൽ തീർക്കുന്ന പ്രതിമയ്ക്ക് 28 അടി ഉയരവും 6 അടി വീതിയും ഉണ്ടായിരിക്കും.
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു മുന്നോടിയായി ജനുവരി 23 മുതൽ പുതിയ പ്രതിമ സ്ഥാപിക്കുന്നത് വരെ നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ത്രിമാന രൂപത്തിലുള്ള ഹോളോഗ്രാം ഇന്ത്യാ ഗേറ്റിനോടു ചേർന്നുള്ള പ്രതിമ സ്ഥാപിക്കുന്നിടത്ത് പ്രദർശിപ്പിക്കും. പതിവിനു വിപരീതമായി ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നേതാജിയുടെ ജന്മദിനമായ ജനുവരി 23ന് ആരംഭിക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നേതാജിയുടെ സംഭാവനകൾക്കുള്ള രാജ്യത്തിന്റെ കടപ്പാടാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിമ നിർമാണം പൂർത്തിയാകും വരെ ലേസർ വെളിച്ചം പ്രസരിപ്പിച്ചു രൂപപ്പെടുത്തുന്ന ഹോളോഗ്രാം പ്രതിമ കാനപ്പിയിൽ സജ്ജമാക്കും. ഗ്രാനൈറ്റിൽ 28 അടി ഉയരത്തിലാണ് പൂർണകായ പ്രതിമ നിർമിക്കുന്നത്. ഇതേ സ്ഥലത്ത് ബ്രിട്ടീഷ് ചക്രവർത്തി ജോർജ് അഞ്ചാമന്റെ പ്രതിമയാണുണ്ടായിരുന്നത്. 1968ലാണ് ഇതു നീക്കം ചെയ്തത്.