സുഷ്മിത ദേവിന്റെ രാജി; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കപിൽ സിബൽ

സുഷ്മിത ദേവിന്റെ രാജിയിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. യുവനേതാക്കൾ കോൺഗ്രസ് വിടുമ്പോൾ പാർട്ടി ശക്തിപ്പെടുത്തുന്ന പ്രായമായവരെ വിമർശിക്കുന്നു എന്നാണ് കപിൽ സിബൽ പ്രതികരിച്ചത്. കണ്ണടച്ചാണ് പാർട്ടിയുടെ പോക്കെന്നും സിബൽ വിമർശിച്ചു. പാർട്ടിയിൽ അഴിച്ചുപണി ഉടൻ വേണമെന്നും യുവനേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ പലപ്പോഴും പഴി കേള്‍ക്കുന്നത് മുതിര്‍ന്ന നേതാക്കളാണെന്നും സിബൽ പറഞ്ഞു. നേരത്തേ പാർട്ടിക്കുള്ളിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കപില്‍ സിബല്‍ അടക്കം 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.
അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോൺഗ്രസിൽ നിന്ന് രാജിവച്ചെന്ന വാർത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്മിത ദേവ്. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നൽകി. ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം തുടങ്ങുകയാണെന്ന് സുഷ്മിത ദേവ് പ്രതികരിച്ചത്.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തകർന്നടിഞ്ഞതോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. വർഷം ഏറെ കഴിഞ്ഞെങ്കിലും അതിനുശേഷം ഒരു മുഴുനീള അദ്ധ്യക്ഷൻ പാർട്ടിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഇത് പാർട്ടിയിൽ വലിയ പ്രശ്നങ്ങൾക്കാണ് വഴിമരുന്നിട്ടത്.