സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസ് ആക്കുന്നു

ന്യൂഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ കുറഞ്ഞ പ്രായപരിധി 75 വയസായി നിജപ്പെടുത്താൻ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തിൽ ഇളവുണ്ടാകും. നിലവിൽ സിസിയിൽ 80 വയസ്സാണ് പ്രായപരിധി. സിസിയിലും പൊളിറ്റ്ബ്യൂറോയിലും ഉള്ളവരിൽ എസ്.രാമചന്ദ്രൻ പിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവർ അടുത്ത വർഷം ഒഴിവാക്കപ്പെടാം. 76 വയസ്സുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വിവിധ പദവികൾ വഹിക്കുന്നവർക്ക് ഇളവ് അനുവദിക്കുന്ന കാര്യം പാർട്ടി കോൺഗ്രസ് പരിഗണിക്കുമെന്നു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.
അടുത്ത വർഷം ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിലാകും സിസിയിൽ പുതിയ പ്രായപരിധി വ്യവസ്ഥ നടപ്പാക്കുക. ഫലത്തിൽ, രാജ്യം സ്വാതന്ത്ര്യം നേടിയശേഷം പിറന്നവരുടെ നേതൃനിരയാകും രൂപപ്പെടുക. പാർട്ടിയുടെ വളർച്ച മുരടിച്ചെന്നും പുതിയ തലമുറയ്ക്ക് അവസരം നൽകിയില്ലെങ്കിൽ നിലനിൽക്കാനാവില്ലെന്നും വിലയിരുത്തിയാണു നടപടി. കേരളത്തിൽ മുതിർന്ന അംഗങ്ങളെ മാറ്റിനിർത്തിയ പാർട്ടിയുടെ നയത്തിന് ജനങ്ങൾ അംഗീകാരം നൽകി എന്നാണ് മൂന്നു ദിവസമായി ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കവേ സിപിഎം ജനറൽ സെക്രട്ടറി സീതാ റാം യെച്ചൂരി പറഞ്ഞത്. സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സഭയിൽ നിന്നും കെ കെ ശൈലജയെ ഉൾപ്പെടെ മുതിർന്ന നേതാക്കളെ മാറ്റിനിർത്തിയതിയതും കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തു. നയത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ ആ തീരുമാനം ജനങ്ങൾ അംഗീകരിച്ചു എന്നാണ് യെച്ചൂരി പറഞ്ഞത്.
കേരളത്തിൽനിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ വൈക്കം വിശ്വനും പി.കരുണാകരനും 75 കഴിഞ്ഞവരാണ്. ഒൗദ്യോഗിക പദവി വഹിക്കുകയാണെങ്കിലോ സേവനം പാർട്ടിക്ക് അനിവാര്യമാണെങ്കിലോ പ്രത്യേക സാഹചര്യങ്ങളിൽ ചിലർക്ക് ഇളവു നൽകുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ പാർട്ടി കോൺഗ്രസിന്റെ സമയത്ത് എസ്ആർപിക്ക് 80 കഴിഞ്ഞിരുന്നു. എന്നാൽ, അദ്ദേഹം സിസിയിലും പിബിയിലും തുടരട്ടെയെന്നാണു തീരുമാനമുണ്ടായത്.