ബെംഗളൂരുവിൽ കോവിഡ് ആയുർവേദ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണം നിർത്തിവെച്ചേക്കും

 

ബെംഗളൂരു: കോവിഡ്-19 രോഗമുക്തിക്കായുള്ള ആയുർവേദ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചേക്കുമെന്ന് റിപ്പോർട്ട്. ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(ബിഎംസിആർഐ) എത്തിക്സ് കമ്മിറ്റിയാണ് പരീക്ഷണം നിർത്തിവെയ്ക്കുമെന്ന സൂചന നൽകിയിരിക്കുന്നത്.

കോവിഡിനെതിരായ ആയുർവേദ മരുന്ന് അവതരിപ്പിച്ച ഡോക്ടർ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ കാര്യങ്ങൾ അവതരിപ്പിക്കാതെ മരുന്ന് വിജയകരമാണെന്ന് അവകാശപ്പെട്ടതാണ് ഈ നീക്കത്തിന് കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി എത്തിക്സ് കമ്മിറ്റി ഡോക്ടർക്ക് കത്തയച്ചതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവിലെ ആയുർവേദ ഡോക്ടറായ ഗിരിധർ കാജെയാണ് ഭൗമ്യ, സാത്മ്യ എന്നീ പേരുകളിൽ ആയുർവേദ ഗുളികകൾ അവതരിപ്പിച്ചത്. എന്നാൽ ഈ മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണം പ്രാഥമിക ഘട്ടത്തിലാണെന്നും തങ്ങൾക്ക് മുമ്പാകെ പരീക്ഷണത്തിന്റെ യാതൊരു ഫലങ്ങളും സമർപ്പിച്ചിട്ടില്ലെന്നുമാണ് എത്തിക്സ് കമ്മിറ്റിയുടെ കത്തിൽ പറയുന്നത്. യാഥാർഥ്യം ഇതാണെന്നിരിക്കെ ഡോക്ടർ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ പരീക്ഷണം വിജയകരമാണെന്ന് അവകാശപ്പെട്ടത് അംഗീകരിക്കാനാകില്ലെന്നും അതിരുകടന്ന നടപടിയാണെന്നും കത്തിലുണ്ട്.

പരീക്ഷണത്തിന്റെ നിലവിലെ സ്ഥിതി ഡോക്ടർ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കണമെന്നും എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ടു. അതല്ലെങ്കിൽ ക്ലിനിക്കൽ പരീക്ഷണം നിർത്തിവെയ്ക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും കത്തിൽ പറയുന്നു.

അതേസമയം, കത്തിലെ ആരോപണങ്ങൾ ഡോക്ടർ കാജെ നിഷേധിച്ചെന്നാണ് റിപ്പോർട്ട്. ജൂൺ ഏഴ് മുതൽ 25 വരെ വിക്ടോറിയ ആശുപത്രിയിലാണ് ആയുർവേദ മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നത്. നിലവിലെ ചികിത്സയ്ക്കൊപ്പം ഈ ആയുർവേദ മരുന്നുകൾ കൂടി രോഗികൾക്ക് നൽകുന്നതിലെ സുരക്ഷയും കാര്യക്ഷമതയുമാണ് പരീക്ഷണത്തിൽ പ്രധാനമായും വിലയിരുത്തിയത്. എന്നാൽ ഇതിന്റെ അന്തിമറിപ്പോർട്ടുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

From around the web