വരന്‍ മരിച്ചു, 111 അതിഥികള്‍ക്ക് കൊവിഡ്; ആശങ്ക പടര്‍ത്തി വിവാഹച്ചടങ്ങ്

 

പാറ്റ്ന: കൊവിഡ് പടരുന്ന ബിഹാറില്‍ ഒരു വിവാഹത്തിന് ശേഷം വരന്‍റെ മരണമടക്കം സംഭവിച്ചതോടെ ആശങ്ക വര്‍ധിക്കുന്നു.  വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 111 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ബിഹാറില്‍ കോവിഡ്-19 സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ചതായി സംശയം. പട്‌ന ജില്ലയിലെ പാലിഗഞ്ച് സബ് ഡിവിഷനില്‍ ജൂണ്‍ 15ന് നടന്ന വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

വധുവിന് രോഗം സ്ഥിരീകരിച്ചിട്ടില്ല. കടുത്ത പനിയെ തുടര്‍ന്ന്, വിവാഹം നടന്ന് രണ്ടു ദിവസത്തിനു ശേഷം ജൂണ്‍ 17ന് മുപ്പതുകാരനായ വരന്‍ മരിച്ചു. കൊറോണ പരിശോധന നടത്താതെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. ഗുരുഗ്രാമില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു വരന്‍. മേയ് മാസം അവസാനമാണ് വിവാഹത്തിനായി ഇദ്ദേഹം നാട്ടിലെത്തിയത്. ജൂണ്‍ പതിനാലോടെ ഇദ്ദേഹത്തിന് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും വിവാഹം മാറ്റിവെക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വരന്റെയും വധുവിന്റെയും കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ എതിര്‍ത്തു. വിവാഹം മാറ്റിവെച്ചാല്‍ വലിയ നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു.

പാറ്റ്ന ജില്ലാ മജിസ്ട്രേറ്റിന് ഇക്കാര്യങ്ങള്‍ അറിയിച്ച് കൊണ്ടുള്ള അജ്ഞാത ഫോണ്‍ കോള്‍ വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. മരിച്ച് അധികം വൈകാതെ സംസ്കാരം നടത്തിയതിനാല്‍ യുവാവിന്‍റെ സാമ്പിളുകള്‍ പരിശോധിച്ചിട്ടുമില്ല. ഇതിന് ശേഷം വിവാഹത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 24 മുതല്‍ 26 വരെ പ്രത്യേക ക്യാമ്പ് നടത്തിയാണ് വിവാഹചടങ്ങിലും യുവാവിന്‍റെ മരണാനന്തര ചടങ്ങിലും പങ്കെടുത്തവരെ പരിശോധനകള്‍ക്ക് വിധേയമാക്കിയത്. പാലിഗഞ്ചിലെയും സമീപ നഗരങ്ങളായ നൗബത്പുര്‍, ബിഹട എന്നിവിടങ്ങളില്‍നിന്നുള്ള വധുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ 360 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. സമ്പര്‍ക്കം വഴി രോഗം നടന്നിട്ടുണ്ടോ എന്നറിയാനായിരുന്നു ഇത്.

From around the web