ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കിമാറ്റുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ആത്മനിർഭർ ഭാരതിന്‍റെ ലക്ഷ്യമാണെന്നും മോദി പറഞ്ഞു. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് പുനസംഘടിപ്പിച്ച് രൂപീകരിച്ച ഏഴ് കമ്പനികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
പുതിയ കമ്പനികൾക്കായി 65,000 കോടി രൂപ നീക്കിവെച്ചു. ഈ കമ്പനികൾ ആയുധങ്ങളും വെടിക്കോപ്പുകളും വാഹനങ്ങളും നൂതന സാങ്കേതിക വിദ്യകളും നൽകുകയും ഇന്ത്യയെ ആഗോള ബ്രാൻഡായി ഉയർത്തുകയും ചെയ്യും. മത്സരാധിഷ്ഠിത വിലയാണ് ഞങ്ങളുടെ ശക്തി, ഗുണമേന്മയാണ് നമ്മുടെ പ്രതിച്ഛായ -മോദി പറഞ്ഞു.
പുതിയ കമ്പനികൾ രാജ്യത്തെ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റും. പതിറ്റാണ്ടുകളായി മുടങ്ങികിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കുന്നു. ഗവേഷണത്തിനും നവീകരണത്തിനാകും ഈ കമ്പനികൾ ഊന്നൽ നൽകുക -മോദി പറഞ്ഞു. മറ്റു രാജ്യങ്ങൾക്കൊപ്പം നിൽക്കുകയെന്നത് മാത്രമല്ല നമ്മുടെ ലക്ഷ്യം. ആഗോളതലത്തിൽ നമ്മൾ മുൻപന്തിയിൽനിന്ന് നയിക്കണം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പ്രതിരോധ രംഗത്തെ കയറ്റുമതി 315 ശതമാനമായി ഉയർന്നുവെന്നും മോദി പറഞ്ഞു.
മ്യുനിഷൻസ് ഇന്ത്യ ലിമിറ്റഡ് (എംഐഎൽ), ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ് (അവാനി), അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡ് (എഡബ്ല്യുഇ ഇന്ത്യ), ട്രൂപ് കംഫർട്ട്സ് ലിമിറ്റഡ് (ടിസിഎൽ), യന്ത്ര ഇന്ത്യ ലിമിറ്റഡ് (വൈൽ), ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ് (ഐഒഎൽ), ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡ് (ജിഐഎൽ), എന്നിവയാണ് പുതിയ ഏഴ് പ്രതിരോധ കമ്പനികൾ.