ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വിമാനം ഇന്ത്യയിലെത്തി

കാബൂൾ ഇന്ത്യൻ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വിമാനം ഗുജറാത്തിലെത്തി. വ്യോമസേനയുടെ C-17 വിമാനം ജാംനഗർ വിമാനത്താവളത്തിൽ ഇറങ്ങി. അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമർജൻസി വിസ സൗകര്യം ഏർപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ ഓഗസ്റ്റ് 15ന് കാബൂളിലേയ്ക്ക് പറന്നത് രണ്ട് ഇന്ത്യൻ എയർഫോഴ്സ് സി–17 വിമാനങ്ങളാണ്. അപ്പോഴേക്കും അഫ്ഗാനിലെ സ്ഥിതിഗതികൾ വഷളായിരുന്നു. ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ യാതൊരു നിർവാഹവുമില്ലാത്ത സാഹചര്യം ഉടലെടുത്തു. ഇന്ത്യൻ എംബസിയും താലിബാന്റെ കർശന നിരീക്ഷണത്തിലായിക്കഴിഞ്ഞു.
പല എംബസികളും പ്രവർത്തിക്കുന്ന ഗ്രീൻ സോണിലാണ് ഇന്ത്യൻ എംബസിയും പ്രവർത്തിച്ചിരുന്നത്. അഫ്ഗാനിൽനിന്നുള്ളവർക്ക് ഇന്ത്യയിലേക്ക് യാത്രചെയ്യാനാവശ്യമായ വീസ ഇടപാടുകൾ നടത്തിയിരുന്ന സാഹിർ വീസ ഏജൻസിയിൽ താലിബാൻ പരിശോധന നടത്തി. തിങ്കളാഴ്ച 45 ഇന്ത്യക്കാരെയാണ് ആദ്യത്തെ വിമാനത്തിൽ കൊണ്ടുവരാൻ നീക്കം നടത്തിയത്. എയർപോർട്ടിലേക്കുള്ള യാത്രാ മധ്യേ ഇവരെ താലിബാൻ തടഞ്ഞുവയ്ക്കുകയും സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് വിട്ടയച്ചെങ്കിലും കാബൂൾ എയർപോർട്ടിൽ നിന്നും ഉദ്യോഗസ്ഥരെ വിമാനത്തിൽ കൊണ്ടുവരിക എന്നതും കനത്ത വെല്ലുവിളിയായിരുന്നു.