നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാൻ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് നിര്‍ദ്ദേശം നല്കി സുപ്രീം കോടതി. പരീക്ഷ എഴുതിയ 16 ലക്ഷം വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കാൻ ദേശീയ ടെസ്റ്റിങ് ഏജൻസി(എൻടിഎ)യോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സെപ്റ്റംബർ 12നാണ് പരീക്ഷ നടന്നത്. ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്.
തെറ്റായ സീരിയൽ നമ്പറുകളുള്ള ചോദ്യപേപ്പറുകളും ഉത്തര കടലാസ്സുകളും കൈമാറിയെന്ന് ആരോപിച്ച് വൈശാനവി ഭോപ്പാലി, അഭിഷേക് ശിവജി എന്നിവർക്ക് നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പരീക്ഷാ ഫലം പുറത്തുവിടുന്നത് വൈകിയാൽ അത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്ന് കാട്ടി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
16 ലക്ഷത്തോളം വിദ്യാർഥികളുടെ പരീക്ഷാഫലം രണ്ടു വിദ്യാർഥികൾക്കായി മാറ്റിവയ്ക്കാനാകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് മുഴുവൻ പരീക്ഷാഫലത്തെയും ബാധിക്കുമെന്നും വിദ്യാർഥികൾ ആശങ്കയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് നാഷണണൽ ടെസ്റ്റിംഗ് എജൻസി(എൻടിഎ) ഹർജി നൽകിയത്.