വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കണം- ഇന്ത്യയ്ക്ക് കത്തെഴുതി താലിബാന് ഭരണകൂടം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്താനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് താലിബാന് ഭരണകൂടം. ഇന്ത്യ-അഫ്ഗാനിസ്ഥാൻ വിമാനസർവീസ് പുനരാരംഭിക്കണമെന്നു താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ സിവിൽ ഏവിയേഷൻ അഥോറിറ്റി (സിസിഎ) ഡിജിസിഎയോടു കത്തിലൂടെ ആവശ്യപ്പെട്ടു. വിഷയത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തീരുമാനമെടുത്തിട്ടില്ല.
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് എന്ന ലെറ്റര്‍ഹെഡിലാണ് താലിബാന് കത്തെഴുതിയിരിക്കുന്നത്. ആഗസ്റ്റില്‍ താലിബാന് അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യന്‍ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്ത ഓഗസ്റ്റ് 15നു ശേഷം അവിടെനിന്നുള്ള വാണിജ്യ വിമാന സർവീസ് ഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്. ഓഗസ്റ്റ് 15ന് കാബൂളിൽനിന്നു ഡൽഹിയിലേക്ക് അവസാന വിമാനം എത്തിയിരുന്നു.
2021 സെപ്റ്റംബർ ഏഴിനാണു സിസിഎ ആക്ടിംഗ് മന്ത്രി അൽഹാജ് ഹമീദുള്ള അഖുണ്ഡ്സാദ ഡിജിസിഎയ്ക്കു കത്ത് നൽകിയിരിക്കുന്നത്. ആരീന അഫ്ഗാൻ എയർലൈൻസ്, കാം എയർ എന്നിവയെ ഇന്ത്യ-അഫ്ഗാൻ സർവീസ് നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം.