യു.എ.ഇയിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് കോവിഡ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Jul 5, 2022, 13:46 IST

യു.എ.ഇയിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് കോവിഡ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ ജനങ്ങൾ 72 മണിക്കൂർ മുമ്പ് പി.സി.ആർ പരിശോധനക്ക് വിധേയമാകണമെന്ന് ദേശീയ ദുരന്തനിവാരണ സമിതി നിർദേശം നൽകി. പെരുന്നാൾ ദിവസം അയൽവീടുകളിൽ ബലിമാംസവും സമ്മാനങ്ങളും എത്തിക്കാൻ സമിതി അനുമതി നൽകി.
അയൽവീടുകളിലേക്ക് ബലിമാംസം, പെരുന്നാൾ സമ്മാനം, ഭക്ഷണം എന്നിവ എത്തിക്കാൻ അനുമതിയുണ്ടെങ്കിലും വൃത്തിയുള്ളതും അണുവിമുക്തമാക്കിയതുമായ ബാഗുകളിലോ ബോക്‌സുകളിലോ ആയിരിക്കണം ഇവ വിതരണം ചെയ്യേണ്ടതെന്നും സമിതി നിർദേശിച്ചു. ആഘോഷങ്ങളിൽ പരസ്പരം ഹസ്തദാനം ഒഴിവാക്കണം. കുട്ടികൾക്ക് പെരുന്നാൾ പണം നൽകുന്നതിന് ആപ്പുകളും മറ്റു ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിക്കണം. ആഘോഷങ്ങൾ പരമാവധി സ്വന്തം കുടുംബത്തിനകത്ത് പരിമിതപ്പെടുത്താൻ ശ്രമിക്കണം