ലോക നേതാക്കൾക്ക് സ്‌നേഹ വിരുന്നൊരുക്കി അമീർ

ദോഹ: ലോക നേതാക്കൾക്ക് സ്‌നേഹ വിരുന്നൊരുക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ സ്വീകരണം. മധ്യപൂർവദേശത്തിലെയും അറബ് ലോകത്തിലെയും പ്രഥമ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.
അൽഖോറിലെ അൽ ബെയ്ത്ത് സ്‌റ്റേഡിയത്തിൽ നടന്ന 22-ാമത് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനത്തിലേക്ക് ഖത്തറിന്റെ സൗഹൃദ, സഹോദര രാജ്യങ്ങളുടെ ഭരണാധികാരികൾ, സർക്കാർ മേധാവികൾ തുടങ്ങിയവരാണ് അമീറിന്റെ ക്ഷണപ്രകാരം എത്തിയത്.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദ്, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് രാജകുമാരൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം,
ഒമാൻ യൂത്ത്-സ്‌പോർട്‌സ് മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹെയ്താം ബിൻ താരിക് അൽ സെയ്ദ്, തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ, ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭരണാധികാരികളും നേതാക്കളും വിരുന്നിൽ പങ്കെടുത്തു.