ഒമാനിലേക്കുള്ള വിമാന സർവിസുകൾ വർധിച്ചു

ഒമാനിലേക്കുള്ള വിമാന സർവിസുകൾ വർധിച്ചു.ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വേനൽ സീസണിൽ ഒമാൻ എയർ അടക്കമുള്ള വിമാന കമ്പനികൾ അധിക സർവിസുകളാണ് കേരളത്തിലേക്ക് നടത്തുന്നത്. കൂടാതെ സ്വകാര്യ വിമാന കമ്പനികളായ സലാം എയർ, ഗോ എയർ, ഇൻറിഗോ എന്നീ വിമാന കമ്പനികൾ സർവിസുകൾ നടത്തുന്നതും പ്രവാസികൾക്ക് ഉപകാരപ്രദമാവുകയാണ്. ഇതോടെ ടിക്കറ്റ് നിരക്കുകളും ജൂണിൽ കുറഞ്ഞിട്ടുണ്ട്. എന്നാൽ, അടുത്ത മാസം ബലിപെരുന്നാൾ സീസൺ തിരക്ക് മുതലെടുത്ത് ചില വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിട്ടുണ്ട്.
സാധാരണ ജൂൺ, ജൂലൈ മാസങ്ങളിൽ ഉയർന്ന ടിക്കറ്റ് നിരക്കാണ് ഇന്ത്യൻ സെക്ടറിലേക്ക് വിമാന കമ്പനികൾ ഈടാക്കാറുള്ളത്. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ വേനൽ അവധി ആരംഭിക്കുന്നതു കാരണം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടിലേക്ക് പോവാറുണ്ട്. അതോടൊപ്പം, ഇന്ത്യയിലെ മഴയും തണുത്ത കാലാവസ്ഥയും ആസ്വദിക്കാനും ഒമാനിലെ പൊള്ളുന്ന ചൂടിൽനിന്ന് രക്ഷപ്പെടാൻ സ്വദേശികളും ധാരാളമായി യാത്രചെയ്യാറുണ്ട്. ഇതൊക്കെ മുന്നിൽകണ്ട് വിമാന കമ്പനികൾ നിരക്കുകളും കുത്തനെ ഉയർത്താറുണ്ട്. ടിക്കറ്റിന്റെ ഉയർന്ന നിരക്കും ദൗർലഭ്യതയും കാരണം കുറഞ്ഞ വരുമാനക്കാരും സാധാരണ തൊഴിലാളികളും ജൂൺ, ജൂലൈ മാസത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ് ചെയ്തിരുന്നത്.