സൗദിയിൽ സിനിമാ ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനത്തിൽ വൻ വർധനവ്
Aug 25, 2022, 14:48 IST

സൗദിയിൽ സിനിമാ ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനത്തിൽ രണ്ടായിരത്തി അറുന്നൂറ് ശതമാനം വർധനവ്. സാംസ്കാരിക മന്ത്രാലയത്തിന്‍റേതാണ് കണക്ക്. ലോകത്തുടനീളം ഓൺലൈൻ സ്ട്രീമിങ് സംവിധാനം വ്യാപകമാകുമ്പോഴും സൗദിയിൽ ആളുകൾ തിയറ്ററിലെത്തുന്നുവെന്നാണ് കണക്ക് പറയുന്നത്.
2021-ൽ സിനിമ കാണാനായി പ്രേക്ഷകർ ചിലവഴിച്ചത് 20 കോടി റിയാലാണ്. സൗദിയിൽ തിയറ്റർ തുറന്ന വർഷമായ 2018ൽ 70 ലക്ഷം റിയാൽ മാത്രമായിരുന്നു വരുമാനം. പൊതു സിനിമാ പ്രദർശനങ്ങൾ പരമ്പരാഗതമായി നിരോധിച്ചിരുന്ന സൗദിയിൽ 2018ലാണ് വീണ്ടും തിയറ്ററുകൾ തുറന്നത്. ഇതിന് ശേഷം മുപ്പത് കോടിയിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. സിനിമകളുടെ സ്ക്രീനിങ് നടത്തി വ്യത്യസ്ത പ്രായക്കാർക്കായി തരം തിരിക്കുന്നത് സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയയാണ്.