പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: കുവൈത്തിൽ പ്രചാരണം തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിൽ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പണം അവസാനിച്ചതിന് പിന്നാലെ സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങി. ഈ മാസം 29ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 376 പേരാണ് പത്രിക നല്‍കിയത്. 22വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. അഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക കമ്മിറ്റി പത്രികകളില്‍ സൂക്ഷ പരിശോധന നടത്തിവരികയാണ്.
പിരിച്ചുവിട്ട സഭയിലെ 44 സഥാനാര്‍ഥികള്‍ ഇത്തവണയും പത്രിക നല്‍കിയിട്ടുണ്ട്. നിരവധി മുന്‍ എം.പിമാരും വനിതകളുടെ വലിയൊരു നിരയും രംഗത്തുണ്ട്. 50 അംഗ സഭയിലേക്ക് അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി 10 പേര്‍ വീതമാണ് പ്രതിനിധികളായി എത്തുക.
മുന്‍ സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം ഇത്തവണ മത്സരരംഗത്തില്ല. രാജ്യം അതിന്റെ വഴിത്തിരിവില്‍ പ്രധാന ഘട്ടത്തിലാണെന്നും വേഗത്തിലുള്ളതും അടിസ്ഥാനപരവുമായ പരിഷ്കാരങ്ങള്‍ക്കായി മികച്ചവരെ തെരഞ്ഞെടുക്കുക എന്നുമാണ് ഭൂരിപക്ഷവും മുന്നോട്ടുവെക്കുന്ന പ്രധാന മുദ്രാവാക്യം. രാഷ്ട്രീയ സ്ഥിരതക്ക് യാഥാര്‍ഥ്യബോധമുള്ള പ്രവര്‍ത്തനപരിപാടിയും വ്യക്തമായ കാഴ്ചപ്പാടും ഉള്ളവരെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.