ഒമാനിൽ വൈദ്യുതി ഉൽപാദനം വർധിച്ചു

ഒമാനിൽ വൈദ്യുതി ഉൽപാദനം ഈ വർഷം ഏപ്രിൽ അവസാനത്തോടെ 0.3 ശതമാനം വർധിച്ച് മണിക്കൂറിൽ 11,284.1 ജിഗാവാട്ടായി. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 11,245.7 ജിഗാവാട്ടായിരുന്നു. ദോഫാർ ഗവർണറേറ്റിൽ 7.3 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 1.145 ജിഗാവാട്ട് വൈദ്യുതിയാണ് മണിക്കൂറിൽ ഉൽപാദിപ്പിച്ചിരുന്നതെങ്കിൽ ഈ വർഷമിത് 1.229 ജിഗാവാട്ട് ആയാണ് ഉയർന്നിരിക്കുന്നത്.
ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അതേസമയം, അൽ വുസ്ത ഗവർണറേറ്റിൽ വൈദ്യുതി ഉൽപാദനത്തിൽ 41.7 ശതമാനം കുറവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ അവസാനത്തോടെ 217.4 ജിഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചിരുന്നത്. ഈ വർഷം ഇക്കാലയളവിലിത് 126.7 ജിഗാവാട്ട് ആയി കുറഞ്ഞു.