യുഎഇയിൽ നഴ്‌സിങ് ലൈസൻസിന് ഇളവ് വരുത്തി

ദുബായ്: നഴ്‌സിങ് ലൈസൻസ് നേടാൻ കുറഞ്ഞത് രണ്ടുവർഷം പ്രവൃത്തിപരിചയം വേണമെന്ന നിബന്ധന യുഎഇ ഒഴിവാക്കി. രാജ്യത്തെ മുഴുവൻ എമിറേറ്റിലും നഴ്‌സിങ് ബിരുദധാരികൾക്ക് പ്രവൃത്തിപരിചയമില്ലാതെ തന്നെ ലൈസൻസ് നേടാനുള്ള പരീക്ഷയെഴുതാം. ലാബ് ടെക്‌നീഷ്യൻമാർക്കും ഈ ഇളവ് ലഭ്യമാണ്.
യുഎഇയിലെ ആരോഗ്യരംഗത്ത് നിയമിക്കുന്നവരുടെ വിദ്യാഭ്യാസ, പ്രഫഷണൽ യോഗ്യത ഏകീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. മെഡിക്കൽ ജീവനക്കാർക്ക് ലൈസൻസ് നൽകുന്ന ആരോഗ്യമന്ത്രാലയം, അബൂദബി ആരോഗ്യവകുപ്പ്, ദുബൈ ഹെൽത്ത് അതോറിറ്റി, ഷാർജ ഹെൽത്ത് അതോറിറ്റി എന്നിവയുടെല്ലാം പരീക്ഷകൾക്ക് പുതിയ ഇളവ് ബാധകമായിരിക്കും. നഴ്‌സിങ് ബിരുദപഠനം പൂർത്തിയാക്കിയ രജിസ്റ്റേർഡ് നഴ്‌സുമാർക്ക് രണ്ടുവർഷം പ്രവർത്തനപരിചയമില്ലാതെ തന്നെ പരീക്ഷയെഴുതാം. രണ്ടുവർഷത്തെ നഴ്‌സിങ് ബിരുദ കോഴ്‌സ് പൂർത്തിയാക്കിയ കാനഡ, യു.കെ, അയർലന്റ്, സൗത്ത് ആഫ്രിക്ക, ന്യൂസിലന്റ്, ആസ്‌ത്രേലിയ എന്നിവിടങ്ങളിലെ രജിസ്‌ട്രേഡ് നഴ്‌സുമാർക്കും പ്രവൃത്തി പരിചയമില്ലാതെ ലൈസൻസിന് അപേക്ഷിക്കാം.