ഉംറ പാക്കേജിലെ മുഴുവൻ സേവനങ്ങളും ഏജൻസികൾ ഉറപ്പാക്കണമെന്ന് അധികൃതർ

 
26
 

ജിദ്ദ: തീർഥാടകർക്ക് ഉംറ സർവിസ് കമ്പനികൾ പാക്കേജുകളിൽ പറഞ്ഞ മുഴുവൻ സേവനങ്ങളും  നൽകണമെന്ന് ഹജ്ജ്​-ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

തീർഥാടകർക്ക്​ പാക്കേജുകൾ പ്രകാരമുള്ള സേവനങ്ങൾ ഉംറ സർവിസ് കമ്പനികൾ നൽകുന്നുണ്ടോ എന്ന്​ ഉറപ്പുവരുത്താൻ ഫീൽഡ്​ പരിശോധന സംഘം ഹറമുകളിലുണ്ടാവും​. അവർ നിരന്തരം നിരീക്ഷണം നടത്തും. ലംഘനങ്ങൾ നിരീക്ഷിക്കാൻ മന്ത്രാലയത്തി​ന്റെ മക്കയിലും മദീനയിലും ഹറമിനടുത്തുള്ള ഫീൽഡ് ടീമുകൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. ലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ നിയമാനുസൃത നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മക്കയിൽ താമസിക്കുന്ന സമയത്ത് കൂടുതൽ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്​ ഉംറ പെർമിറ്റ്​ നൽകാൻ സർവിസ് കമ്പനികൾ ബാധ്യസ്ഥരായിരിക്കും​. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, തീർഥാടകരുടെ യാത്ര സുഗമമാക്കുക, വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടാണ്​ ഈ നിർദേശം​. മദീന റൗദയിലെ നമസ്​കാരത്തിന് ആവശ്യമായ പെർമിറ്റുകളും നൽകിയിരിക്കണം. പെർമിറ്റിൽ പറയുന്ന സമയം അനുസരിച്ച്​ ഹറമിലേക്ക് തീർഥാടകരെ​ കൊണ്ടുപോകുകയും വേണം.

From around the web