വിനോദസഞ്ചാരികളുടെ വരവ് കൂടി: യുഎഇ ഉല്ലാസമേഖലകളിൽ വൻതിരക്ക്
Aug 5, 2022, 11:39 IST

വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെ യുഎഇ ഉല്ലാസമേഖലകളിൽ വൻതിരക്ക്. എക്സ്പോയ്ക്കു ശേഷവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ പ്രവാഹം തുടരുന്നു. ഏറ്റവും മികച്ച രീതിയിൽ കോവിഡിനെ പ്രതിരോധിച്ച രാജ്യം, വീസ ഇളവുകൾ, പുതിയ ടൂറിസം പദ്ധതികൾ, സുരക്ഷിതത്വം, വിവിധ രാജ്യങ്ങളിൽ നിന്നു വേഗമെത്താനുള്ള സൗകര്യം തുടങ്ങിയ ഘടകങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു.
യുദ്ധത്തെ തുടർന്ന് റഷ്യ- യുക്രെയ്ൻ മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾ ഇല്ലാതായതും തിരക്കു കൂടാൻ കാരണമായി. ഒന്നാം നിരയിലുള്ള ഇന്ത്യക്കാർക്കു പുറമേ കിഴക്കൻ യൂറോപ്പ്, യുഎസ്, ആഫ്രിക്ക, ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീൽ, കൊളംബിയ, ബൊളീവിയ, അർജന്റീന, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരും ധാരാളമായി എത്തുന്നു.