യു.എ.ഇ. യിൽ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ തുറക്കും
Aug 10, 2022, 13:04 IST

യു.എ.ഇ. യിൽ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ തുറക്കുമെന്ന് ഊർജ, അടിസ്ഥാനസൗകര്യ മന്ത്രാലയം അറിയിച്ചു. കനത്തമഴയെത്തുടർന്ന് കിഴക്കൻ മേഖലകളിലെ ചില അണക്കെട്ടുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. അധികജലം കാരണം സമ്മർദമുണ്ടാകുന്നത് ഒഴിവാക്കാനാണ് വുരായ, ഷൗക്ക, ബുറാഖ്, സിഫ്‌നി, അൽ അജിലി മംദൂഹ് എന്നീ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.
താഴ്വരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. യു.എ.ഇ.യുടെ കിഴക്ക്, തെക്ക് മേഖലകളിൽ 14 മുതൽ 17 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.