സൗദി പൗരന്മാർക്ക് യു.എസ് സന്ദർശന വിസ കാലാവധി 10 വർഷമാക്കി
Updated: Jul 18, 2022, 13:00 IST

സൗദി പൗരന്മാർക്ക് യു.എസ് സന്ദർശന വിസ കാലാവധി 10 വർഷമാക്കി.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സൗദി സന്ദർശനം കഴിഞ്ഞ് മടങ്ങിയതിന് തൊട്ട് പിന്നാലെയാണ് റിയാദിലെ യു.എസ് സ്ഥാനപതി കാര്യാലയത്തിൽ നിന്നുള്ള അറിയിപ്പ് പുറത്ത് വന്നത്.
ടൂറിസം, വാണിജ്യം, സാമ്പത്തിക മേഖലകളിലെ പരസ്പര സഹകരണത്തിൽ ഇരുരാഷ്ട്രങ്ങളും തമ്മിൽ എത്തിച്ചേർന്ന ധാരണകളുടെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. അടുത്ത മാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥക്ക് അനുഗുണമാകും വിധം പൗരന്മാർ തമ്മിലുള്ള പരസ്പര ധാരണകളും ഇടപാടുകളും ഊട്ടിയുറപ്പിക്കുന്നതിന് തീരുമാനം സഹായകമാകുമെന്ന് കാര്യാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.