ബെവ്ക്യൂ ആപ്പ് വൈകുന്നു; സുന്ദർ പിച്ചെയ്ക്കെതിരെയും ട്രോൾ

ബെവ്ക്യൂ ആപ്പിന് അനുമതി വൈകുന്നതിൽ ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചെയ്ക്കെതിരെയും മലയാളികളുടെ ട്രോൾ പ്രതിഷേധം. സുന്ദർ പിച്ചെയുടെയും ഗൂഗിളിന്റെയും ഫേസ്ബുക്ക് പേജുകളിൽ നിറയെ മലയാളികളുടെ കമന്റാണ്.സുന്ദർ പിച്ചെ മലയാളികളോട് എത്രയും വേഗം കരുണ കാണിക്കണമെന്നാണ് ആവശ്യം.ദിവസങ്ങൾ പിന്നിട്ടിട്ടും ബെവ്കോ ആപ്പിന് ഗൂഗിൾ അനുമതി കിട്ടാത്തതിൽ ഞങ്ങൾ മലയാളികൾ അസ്വസ്ഥരാണ്. ആപ്പിന് അനുമതിയില്ലാത്തത് എന്തേ എന്നാണ് ഗൂഗിളിന്റെയും ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയുടെയും ഫേസ്ബുക്ക് പേജിൽ മലയാളികൾ ചോദിക്കുന്നത്.
ആപ്പിന് അനുമതി നൽകണേ എന്ന അഭ്യർത്ഥന മുതൽ ഉപകാര സൂചകമായി ഫോട്ടോ പഴ്സിൽ വയ്ക്കാമെന്ന വാഗ്ദാനം വരെയുണ്ട്. ട്രോൾ മീമുകൾ നിറയുകയാണ് കമന്റ് ബോക്സിൽ. ഗൂഗിൽ പേജിലും കാര്യങ്ങൾ ഇങ്ങനെ തന്നെ. മുൻകാലങ്ങളിൽ പല സെലിബ്രിറ്റികളുടെയും കമന്റ് ബോക്സുകളിൽ കമന്റിട്ട് നിറച്ചത് ഒക്കെ മുന്നറിയിപ്പ് നൽകുന്നുണ്ട് ചിലർ. ട്രോൾ പേജുകളിൽ നിറയുന്ന പോസ്റ്റുകളും ചില്ലറയല്ല. കാത്തിരുന്ന് കാത്തിരുന്ന് മുഷിയുന്ന മിസ്റ്റർ ബീൻ മുതൽ പ്ലേ സ്റ്റോറിൽ ബെവ്ക്യൂ ആപ്പ് തെരഞ്ഞ് മടുത്ത മലയാളികൾ വരെയാണ് ട്രോളുകളുടെ പ്രമേയം. എത്ര കാത്തിരിക്കേണ്ടി വന്നാലും, ഇതൊന്നും കൊണ്ട് ഞങ്ങൾ അങ്ങനെ മുട്ടുമടക്കില്ലെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ തീരുമാനങ്ങൾ.