കോവിഡ് 19: വാട്സ്ആപ്പിൽ ഹെൽത്ത് അലേർട്ട് സംവിധാനമൊരുക്കി ലോകാരോഗ്യ സംഘടന

ഹെല്ത്ത് അലര്ട്ടുകള് വാട്സ്ആപ്പ് വഴി വ്യക്തികളിലേക്ക് എത്തിക്കുന്ന സംവിധാനമൊരുക്കി ലോകാരോഗ്യ സംഘടന. സമയനഷ്ടമില്ലാതെ കോവിഡ് 19നെക്കുറിച്ചുള്ള ആധികാരികവിവരങ്ങള് പരമാവധി പേരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് WHOയുടെ പുതിയ നീക്കം. തികച്ചും സൗജന്യമായ ഈ സേവനത്തില് 24 മണിക്കൂറും കൊറോണ വൈറസുമായി ബന്ധപ്പെട്ട നിശ്ചിത ചോദ്യങ്ങള്ക്ക് ഉത്തരം ലഭിക്കും.
ഡബ്ല്യുഎച്ച്ഒയുടെ ഹെല്ത്ത് അലര്ട്ട് സ്വന്തം ഫോണിലെ വാട്സ്ആപ്പിലൂടെ അറിയാനാകും. ഇതിനായി ആദ്യം +41 79 893 1892 എന്ന നമ്പര് ഫോണിലെ കോണ്ടാക്ട് ലിസ്റ്റില് ചേര്ക്കേണ്ടതുണ്ട്. ശേഷം ഈ നമ്പറിലേക്ക് Hi എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ മതിയാകും. അപ്പോള്‍ ലോകമാകെയുള്ള കോവിഡ് 19 ബാധിച്ചവരുടെ എണ്ണം മുതല്‍ സ്വയംരക്ഷയുടെ വിവരങ്ങളും ചോദ്യങ്ങള്‍ക്കുള്ള അവസരവും വ്യാജ പ്രചരണങ്ങളും യാത്ര പോകുമ്പോഴുള്ള ഉപദേശങ്ങളും വാര്‍ത്തകളും അടക്കം എട്ട് വ്യത്യസ്ത വിഭാഗങ്ങള്‍ കാണാനാകും. ഇതില്‍ ഏതെങ്കിലും നമ്പര്‍ ഉപയോഗിച്ചോ കാണിച്ചിരിക്കുന്ന ഇമോജി ഉപയോഗിച്ചോ റിപ്ലേ നല്‍കിയാല്‍ അതാത് വിഭാഗത്തിലേക്ക് പോകും.
വാട്‌സ്ആപ്പും ഫേസ്ബുക്കുമായി ചേര്‍ന്നാണ് ലോകാരോഗ്യ സംഘടന ഈ സേവനം ആരംഭിച്ചിരിക്കുന്നത്. 200 കോടി പേരിലേക്ക് വരെ ഇത്തരത്തില്‍ വിവരങ്ങളെത്തിക്കാന്‍ സംവിധാനത്തിനാകുമെന്നാണ് ലോകാരോഗ്യ സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. Praekelt.Orgയും നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയായ Turnഉം ചേര്‍ന്നാണ് WHO ഹെല്‍ത്ത് അലര്‍ട്ടുകള്‍ യാഥാര്‍ഥ്യമാക്കിയത്.