ഗൃഹാതുരതയുണർത്തുന്ന അന്തരീക്ഷമാണ് രണ്ടു ദിവസമായി മെഡിക്കൽ കോളേജിലെ കോവിഡ്  വാർഡിലെങ്ങും

 
x

തിരുവനന്തപുരം: ഗൃഹാതുരതയുണർത്തുന്ന അന്തരീക്ഷമാണ് രണ്ടു ദിവസമായി മെഡിക്കൽ കോളേജിലെ കോവിഡ്  വാർഡിലെങ്ങും. രോഗശയ്യയിലാണെങ്കിലും വീഡിയോ കോളിലൂടെ ബന്ധുക്കളുമായി വിശേഷങ്ങൾ പങ്കുവച്ചും ദിവസങ്ങൾക്കു ശേഷം തമ്മിൽ കണ്ടതിൽ ആനന്ദക്കണ്ണീർ പൊഴിച്ചും ആ 'സമാഗമം' അവർ തീർത്തും അർത്ഥവത്താക്കി. ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത 'വീട്ടുകാരെ വിളിക്കാം' പദ്ധതിയാണ് കോവിഡ് വാർഡുകളെ ഗൃഹാന്തരീക്ഷത്തിനു സമാനമാക്കിയത്. രോഗത്തിൻ്റെയും വീട്ടുകാരിൽ നിന്നുള്ള ഒറ്റപ്പെടലിൻ്റെയും അന്വസ്ഥതകളുമായി കഴിഞ്ഞിരുന്ന രോഗികൾക്ക് പുത്തനുണർവ് നൽകിയിരിക്കുകയാണ് മെഡിക്കൽ കോളേജ് അലുമ്നി അസോസിയേഷൻ്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ 'വീട്ടുകാരെ വിളിക്കാം' പദ്ധതി.


വൈകുന്നേരം മൂന്നു മണി മുതൽ രണ്ടു മണിക്കൂറോളം രോഗികൾ സ്വന്തം വീട്ടിലെന്ന പോലെ കുടുംബാംഗങ്ങളുമായി വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. രണ്ടു മണിക്കൂർ എന്നത് മൂന്നര മണിക്കൂർ വരെ നീളാറുമുണ്ട്.  പുതിയ അത്യാഹിത വിഭാഗത്തിനു സമീപത്തെ വിവരാന്വേഷണ കേന്ദ്രത്തിൽ മൂന്നു ജീവനക്കാരുടെ മേൽനോട്ടത്തിലാണ് രോഗികളും വീട്ടുകാരും തമ്മിൽ വീഡിയോ കോളിലൂടെയുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുന്നത്. ഒരു ദിവസം 40 രോഗികൾക്കു വരെ വീഡിയോ കോൾ വഴി ബന്ധുക്കളോട് സംസാരിക്കാൻ അവസരം ലഭിക്കുന്നുണ്ട്. രണ്ടു ജീവനക്കാരെ ഇതിലേയ്ക്കായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. അവരാണ്  രോഗിയുടെ സമീപത്തെത്തി ഫോൺ കൈമാറുന്നത്.  പുതിയ സംവിധാനം നിലവിൽ വന്നതോടെ  വാർഡിനുള്ളിലും ഒരു പുതിയ അന്തരീക്ഷമാണുള്ളത്. ദിവസങ്ങളോളം വാർഡിൽ ബന്ധുക്കളെ കാണാനോ സംസാരിക്കാനോ കഴിയാതെ ചികിത്സയിൽ കഴിയുന്ന നിരവധി രോഗികളുണ്ട്. വീട്ടുകാരുമായി വിശേഷങ്ങൾ പങ്കുവച്ചതിൻ്റെ സന്തോഷം രോഗികളിൽ പ്രകടമാണെന്ന് ഡ്യൂട്ടിയിലുള്ള നേഴ്സുമാരും പറയുന്നു. അവരുടെ സന്തോഷത്തിൽ വാർഡിലെ ജീവനക്കാരും സംതൃപ്തരാണ്.


7994 77 1002, 7994 77 1008, 7994 77 1009, 7994 33 1006, 956 777 1006 എന്നീ നമ്പരുകളിലൂടെ എസ് എം എസ് വഴി ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം 3 മുതല്‍ വീഡിയോ കോളിലൂടെ  തിരികെ വിളിയ്ക്കുകയാണ് ചെയ്യുന്നത്. ആരോഗ്യ വകുപ്പിൻ്റെ പുതിയ പദ്ധതി രോഗികളും ബന്ധുക്കളും ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. രോഗാവസ്ഥയിൽ അടുത്ത ബന്ധുക്കളുടെ സാമീപ്യം ആഗ്രഹിച്ചിരുന്ന നിരവധി രോഗികൾക്ക് പുതിയ സംവിധാനം ആശ്വാസം പകർന്നിട്ടുണ്ട്.

From around the web