ജിമെയില്‍ ലോഗോ വെരിഫിക്കേഷന്‍ ഉടൻ വരുന്നു

ജിമെയിലില്‍ കൂടുതല്‍ സുരക്ഷയൊരുക്കാന്‍ ഇമെയിലുകള്‍ക്കൊപ്പം ബ്രാന്‍ഡ് ലോഗോ കൂടി ഉള്‍പ്പെടുത്തുമെന്ന് ഗൂഗിള്‍. ഇതുവഴി ഇമെയിലിന്റെ ആധികാരികത മനസിലാക്കാന്‍ സാധിക്കും. ബ്രാന്‍ഡ് ഇന്‍ഡിക്കേറ്റേഴ്‌സ് ഫോര്‍ മെസേജ് ഐഡന്റിഫിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് (BIMI) ഉപയോഗിച്ചാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ ബിമിയുടെ ഭാഗമായത്. ബിമി ഉപയോഗിച്ചുള്ള സ്ഥരീകരണം ഇമെയിലുകളുടെ ആധികാരികത സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ധൈര്യം പകരുമെന്ന് ഗൂഗിള്‍ പറഞ്ഞു.
കമ്പനികളുടേയും സ്ഥാപനങ്ങളുടേയും പേരില്‍ വ്യാജ ഇമെയിലുകള്‍ അയച്ച് ഫിഷിങ് ആക്രമണങ്ങള്‍ വ്യാപകമാവുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഈ നീക്കം. മറ്റൊരു സാങ്കേതികവിദ്യയായ ഡിഎംഎആര്‍സിയുമായി ചേര്‍ന്നാണ് ഗൂഗിള്‍ ബിമി ഉപയോഗിക്കുന്നത്, യഥാര്‍ത്ഥ ഇമെയിലുകളുടെ വ്യാജന്‍ നിര്‍മിക്കുന്നതില്‍ നിന്നും ഇത് തട്ടിപ്പുകാരെ തടയും.
സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകളില്‍ സെലിബ്രിട്ടികളുടെയും ബ്രാന്‍ഡുകളുടേയും അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന വെരിഫൈഡ് മാര്‍ക്കിന് സമാനമാണ് ഇതെന്ന് എന്‍ഗാഡ്ജറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ട്രസ്റ്റ് ഡാറ്റാകാര്‍ഡ്, ഡിജിസെര്‍ട്ട് എന്നീ അതോറിറ്റികളുടെ സര്‍ട്ടിഫിക്കേഷനുകള്‍ പരിശോധിച്ചാണ് ബ്രാന്‍ഡ് ലോഗോകള്‍ വിലയിരുത്തുക. മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ ബ്രാന്‍ഡുകള്‍ക്ക് ഗൂഗിള്‍ ബിമി സംവിധാനം ലഭ്യമാക്കും. ബിമിയുടെ പരീക്ഷണത്തിനൊപ്പം വീഡിയേ കോണ്‍ഫറന്‍സിങ്, ചാറ്റ്, എന്റര്‍പ്രൈസ് സോഫ്റ്റ് വെയര്‍ എന്നിവയുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള ഫീച്ചറുകളും ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്ഷണിക്കപ്പെടാത്ത അതിഥികള്‍ക്ക് മീറ്റിങില്‍ പങ്കെടുക്കാനോ 'നോക്ക്' (knock) ചെയ്യാനോ മീറ്റങില്‍ നിന്നും പുറത്താക്കിയാല്‍ തിരികെ പ്രവേശിക്കാനോ സാധിക്കില്ല. മീറ്റിങില്‍ ചേരാനുള്ള അപേക്ഷ പലതവണ നിരസിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നീടയാള്‍ക്ക് ആ മീറ്റിങില്‍ ചേരാന്‍ അനുവാദം ചോദിക്കാനാവില്ല.
ചാറ്റിലൂടെ പങ്കുവെക്കുന്ന ലിങ്കുകള്‍ അപകടകാരികളാണെങ്കില്‍ ഗൂഗിള്‍ അറിയിപ്പ് തരും. ചാറ്റ് റൂമില്‍ റിപ്പോര്‍ട്ടിങ്, ബ്ലോക്കിങ് ഫീച്ചറുകളും അവതരിപ്പിക്കും.ജി-സ്യൂട്ട് അഡ്മിന്‍മാര്‍ക്ക് പുതിയ നിയന്ത്രണാധികാരങ്ങള്‍ ലഭിക്കും. ജി-സ്യൂട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്നും ചില ആപ്പുകള്‍ ബ്ലോക്ക് ചെയ്യുക, കമ്പനി ഉടമസ്ഥതയിലുള്ള ആപ്പിള്‍ ഐഓഎസ് ഉപകരണങ്ങള്‍ നിയന്ത്രിക്കുക. വിവര ചോര്‍ച്ചയ്ക്കുള്ള പുതിയ ടൂളുകള്‍ എന്നിവ ഇക്കൂട്ടത്തിലുണ്ട്.