ഗൂഗിള്‍ ആന്‍ഡ്രോയിഡ് 11 ബീറ്റാ അപ്‌ഡേറ്റ് പുറത്തിറക്കി

 
ഗൂഗിള്‍ ആന്‍ഡ്രോയിഡ് 11 ബീറ്റാ അപ്‌ഡേറ്റ് പുറത്തിറക്കി


ആന്‍ഡ്രോയിഡ് 11 സ്മാര്‍ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. ഒരുപാട് പുതിയ ഫീച്ചറുകളുമായല്ല ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. മറിച്ച്, നിലവിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികച്ച അനുഭവം വാഗ്ദാനം ചെയ്യുകയാണ് ആന്‍ഡ്രോയിഡ് 11 ചെയ്യുന്നത്. 

നിലവില്‍ പിക്‌സല്‍ ഫോണുകളില്‍ മാത്രമേ ബീറ്റാ പതിപ്പ് ഉപയോഗിക്കാന്‍ സാധിക്കൂ. എന്നാല്‍ വരും ദിവസങ്ങളില്‍ തന്നെ അനുയോജ്യമായ മറ്റ് ബ്രാന്‍ഡുകളുടെ ഫോണുകളിലും ബീറ്റാ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാവും.അതിനായി ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്ത ഫോണില്‍ നിന്നും ആന്‍ഡ്രോയിഡ് 11 ബീറ്റാ സൈറ്റ് സന്ദര്‍ശിച്ച് എന്‍ റോള്‍ ചെയ്യുക. ഈ സൈറ്റ് സന്ദര്‍ശിച്ചാല്‍ നിങ്ങളുടെ ഫോണ്‍ ആന്‍ഡ്രോയിഡ് 11 ബീറ്റാ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അര്‍ഹമാണോ എന്ന് മനസിലാക്കാന്‍ സാധിക്കും. 

കോണ്‍വര്‍സേഷന്‍, പ്രിയോറിറ്റി കോണ്‍വര്‍സേഷന്‍, ബബിള്‍സ്, നോട്ടിഫിക്കേഷന്‍, ഡു നോട്ട് ഡിസ്റ്റര്‍ബ്, മീഡിയ കണ്‍ട്രോള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ശ്രദ്ധേയം. നിങ്ങളുടെ ഫോണിന് നേരെയുള്ള എന്‍ റോള്‍ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിനായി എന്‍ റോള്‍ ചെയ്യാം.

നേരത്തെ സൂചിപ്പിച്ച പോലെ നിലവിലുള്ള സൗകര്യങ്ങള്‍ കുടുതല്‍ പരിഷ്‌കരിക്കുകയാണ് ആന്‍ഡ്രോയിഡ് 11 അപ്‌ഡേറ്റില്‍ ഗൂഗിള്‍ ചെയ്തിട്ടുള്ളത്. അതില്‍ പ്രധാനപ്പെട്ടൊരു സംവിധാനമാണ് നോട്ടിഫിക്കേഷന്‍ ഷേഡില്‍ നല്‍കിയിട്ടുള്ള കോണ്‍വര്‍സേഷന്‍ എന്ന പ്രത്യേക വിഭാഗം. വിവിധ മെസേജിങ് സേവനങ്ങളിലും സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകളിലും നടത്തുന്ന ചാറ്റുകള്‍ ഇവിടെ കാണാന്‍ സാധിക്കും. ഹോം സ്‌ക്രീനില്‍ കോണ്‍വര്‍സേഷന്‍ ഷോട്ട്കട്ട് നല്‍കാനും, പ്രാധാന്യമില്ലാത്ത സന്ദേശങ്ങള്‍ക്ക് റിമൈന്റര്‍ സെറ്റ് ചെയ്യാനും ഇവിടെനിന്നും സാധിക്കും. കോണ്‍വര്‍സേഷനുമായി ബന്ധപ്പെട്ട മറ്റൊരു ഫീച്ചറാണ് ''ബബിള്‍'' ഒന്നിലധികം കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചാറ്റുകള്‍ എളുപ്പം ലഭ്യമാക്കുന്നതിനാണ് ഈ സംവിധാനം. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്പിലെ ചാറ്റ് ഹെഡ്ഡിന് സമാനമാണിത്. ശബ്ദനിയന്ത്രണം, ഡിവൈസ് കണ്‍ട്രോള്‍ മീഡിയാ കണ്‍ട്രോള്‍ എന്നിവയും കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. 

ആപ്ലിക്കേഷനുകള്‍ക്ക് മൈക്രോ ഫോണ്‍, ലൊക്കേഷന്‍, ക്യാമറ എന്നിവയിലേക്കുള്ള ആക്‌സസ് ഒറ്റത്തവണ മാത്രമാക്കാന്‍ സാധിക്കുന്ന വണ്‍ ടൈം പെര്‍മിഷന്‍ സംവിധാനവും ആന്‍ഡ്രോയിഡ് 11 ല്‍ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ഫോണില്‍ അധികം ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകള്‍ക്ക് നല്‍കിയിരിക്കുന്ന പെര്‍മിഷനുകള്‍ ഒട്ടോമാറ്റിക് ആയി പിന്‍വലിക്കുന്ന ഓട്ടോ റീസെറ്റ് ഫീച്ചറും ആന്‍ഡ്രോയിഡ് 11 ന്റെ സവിശേഷതയാണ്. ഈ ആപ്ലിക്കേഷനുകള്‍ വീണ്ടും തുറക്കുമ്പോള്‍ ഈ പെര്‍മിഷനുകള്‍ നല്‍കേണ്ടി വരും. 

From around the web