ചൈനീസ് ആപ്പുകളെ എടുത്തുകളയുന്ന ഇന്ത്യന്‍ ആപ്പിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു
 

 
ചൈനീസ് ആപ്പുകളെ എടുത്തുകളയുന്ന ഇന്ത്യന്‍ ആപ്പിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

ഫോണുകളിലെ ചൈനീസ് നിർമിത എല്ലാ ആപ്ലിക്കേഷനുകളും സ്‌കാൻ ചെയ്‌ത് ലിസ്റ്റുചെയ്യുകയും റീമൂവ് ചെയ്യുകയും ചെയ്യും എന്ന അവകാശവാദത്തോടെ എത്തിയ റിമൂവ് ചൈന ആപ്പിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. പോളിസികളുടെ ലംഘനം ചൂണ്ടിക്കാണിച്ചാണ് നീക്കം. വഞ്ചനാപരമായ നിലപാട്  റിമൂവ് ചൈന ആപ്പ് സ്വീകരിച്ചുവെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. ജയ്പൂര്‍ ആസ്ഥാനമായുള്ള ഡെവലപ്പര്‍മാരാണ് ഈ ആപ്ലിക്കേഷന് പിന്നില്‍.

തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കിയതെന്ന് ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ആപ്ലിക്കേഷന്റെ ഡെവലപ്പര്‍മാരും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.  ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്ക് ഭാഗത്ത് അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് റിമൂവ് ചൈന ആപ്പ് പ്ലേസ്റ്റോറിലെത്തിയത്. മെയ് 17ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഈ ആപ്പ് ഇന്ത്യന്‍ സൈബര്‍ ലോകത്ത് ചൈനീസ് ഉത്പന്ന വിരുദ്ധ തരംഗം സൃഷ്ടിച്ചിരുന്നു. 50ലക്ഷത്തിലധികം ആളുകളാണ് ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്തത്. ഈ ആഴ്ച ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കുന്ന രണ്ടാമത്തെ ആപ്പാണ് ഇത്. നേരത്തെ മിത്രോം ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ നീക്കിയിരുന്നു.


പ്ലേ സ്റ്റോറില്‍ ചുരുങ്ങിയ ദിവസം കൊണ്ട് ജനപ്രീതി നേടിയ റിമൂവ് ചൈന ആപ് സൗജന്യ ആപ്ലിക്കേഷനുകളില്‍ മുന്നിലെത്തിയിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിന് എന്ന വിഭാഗത്തിലാണ് പെടുത്തിയിരുന്നതെങ്കിലും ചൈനയില്‍ നിന്നുള്ള ആപ്പുകളെ കണ്ടെത്തി പട്ടിക തയ്യാറാക്കുകയാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുന്നത്. ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആ ഫോണിലുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ ഏതെല്ലാമെന്ന് തിരിച്ചറിഞ്ഞ് വിവരം നല്‍കും.

ബൈറ്റ് ഡാന്‍സിന്റെ ടിക് ടോക് ആലിബാബയുടെ യുസി ബ്രൗസര്‍ തുടങ്ങി നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ എല്ലാ ചൈനീസ് ആപ്പുകളെക്കുറിച്ചും റിമൂവ് ചൈന ആപ്‌സ് വിവരം നല്‍കും. ഇത് മാത്രമല്ല, ചൈനീസ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തുകഴിഞ്ഞാല്‍, 'നിങ്ങള്‍ വിസ്മയിപ്പിച്ചു, ഒരു ചൈനീസ് ആപ് പോലും കാണാനില്ല' എന്ന സന്ദേശം കാണിക്കുകയും ചെയ്യും.

പുതിയതായി ആര്‍ക്കും പ്ലേ സ്റ്റോറില്‍ നിന്നും റിമൂവ് ചൈന ആപ്‌സ് ഡൗണ്‍ ലോഡ് ചെയ്യാനാകില്ല. അതേസമയം നിലവില്‍ ഡൗണ്‍ലോഡ് ചെയ്തവരുടെ ഫോണുകളില്‍ ഇത് ലഭ്യമാവുകയും ചെയ്യും. അപ്പോഴും ഗൂഗിള്‍ എടുത്തുകളഞ്ഞ ആപ്ലിക്കേഷന് വൈറസ് ആക്രമണം പോലുള്ള ഭീഷണികള്‍ക്ക് സാധ്യത കൂടുതലായിരിക്കുമെന്ന അപകടവുമുണ്ട്.

From around the web