ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കാനുള്ള ഗൂഗിളിന്റെ നീക്കം; അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍

 
ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കാനുള്ള ഗൂഗിളിന്റെ നീക്കം; അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍


വെയറബിള്‍ ഉപകരണ ബ്രാന്‍ഡായ ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കാനുള്ള ഗൂഗിളിന്റെ നീക്കത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ പരസ്യ വിതരണ സാങ്കേതിക വിദ്യാ സ്ഥാപനമായ ഗൂഗിള്‍ ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കുന്നതിലൂടെ ഉപയോക്താക്കളുടെ ആരോഗ്യവിവരങ്ങള്‍ പരസ്യവിതരണത്തിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം. 

കഴിഞ്ഞ വര്‍ഷമാണ് ഫിറ്റ്ബിറ്റ് ഏറ്റെടുത്തുകൊണ്ട് 210 കോടി ഡോളര്‍ ഇടപാടിന് ഗൂഗിള്‍ ധാരണയായത്. എന്നാല്‍ ഈ ഇടപാട് ഇതുവരെ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. വ്യക്തിഗതമായ പരസ്യ വിതരണത്തിന് ഉപയോഗിക്കാവുന്ന വിധത്തിലുള്ള വലിയ അളവിലുള്ള ഡാറ്റ ഉപയോഗിച്ച് ഈ ഇടപാടിലൂടെ ഓണ്‍ലൈന്‍ പരസ്യ വിപണിയില്‍ ഗൂഗിള്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിക്കുമോ എന്ന് യൂറോപ്യന്‍ കമ്മീഷന് ആശങ്കയുണ്ട്. 

ഡിസംബര്‍ ഒമ്പതിന് മുമ്പായി അന്വേഷണം പൂര്‍ത്തിയാക്കും. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നാണ് ഗൂഗിളിന്റെ പ്രതികരണം.2009 ല്‍ തുടക്കമിട്ട ഫിറ്റ്ബിറ്റ് എന്ന് വെയറബിള്‍ ഉപകരണ ബ്രാന്‍ഡ് പത്ത് കോടിയിലധികം ഉപകരണങ്ങള്‍ വില്‍പന ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന്‌കോടിയിലധികം സജീവ ഉപയോക്താക്കളുണ്ട്. എങ്കിലും ആഗോള വിപണിയില്‍ ആപ്പിള്‍, ഷാവോമി, സാംസങ്, വാവേ തുടങ്ങിയ കമ്പനികള്‍ക്ക് പിന്നിലാണ് ഫിറ്റ്ബിറ്റ്. ഇത്രയധികം ഉപയോക്താക്കളില്‍ നിന്നും ശേഖരിച്ചിട്ടുള്ള വലിയ അളവിലുള്ള ആരോഗ്യ വിവരങ്ങള്‍ ഫിറ്റ്ബിറ്റിന്റെ പക്കലുണ്ട്. ഈ വിവരങ്ങള്‍ ഗൂഗിളിന് പരസ്യ വിതരണത്തിനായി ഉപയോഗിക്കാവുന്നതാണ്.

From around the web